ചെങ്ങന്നൂർ: കിഫ്ബി അഴിമതിയിൽ കേസെടുക്കാൻ തീരുമാനിച്ച കേന്ദ്ര ഏജൻസികളെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാൻ മുഖ്യമന്ത്രിയും ധനമന്ത്രിയും ശ്രമിക്കുന്നതായി ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ആരോപിച്ചു.

സർക്കാർ ഭയപ്പെടുന്നുവെന്നതിനുതെളിവാണ് ഇരുവരുടെയും പ്രസ്താവന. തിരഞ്ഞെടുപ്പുപ്രമാണിച്ച് കേസന്വേഷണം നിർത്തണമെന്ന്‌ പറയുന്നത് എന്തടിസ്ഥാനത്തിലാണ്. ഉദ്യോഗസ്ഥർ അന്വേഷണ ഏജൻസികൾക്കുമുമ്പിൽ ഹാജരാകില്ലെന്ന് മുഖ്യമന്ത്രിക്ക് എങ്ങനെയാണ്‌ പറയാൻസാധിക്കുന്നത്. അന്വേഷണം പ്രഖ്യാപിക്കുമ്പോൾ തെരുവിൽ കാണാമെന്നാണ് മന്ത്രി തോമസ് ഐസക് പറയുന്നത്. നിയമവാഴ്ചയെ അംഗീകരിക്കേണ്ട മന്ത്രി ഇങ്ങനെയാണോ സംസാരിക്കേണ്ടത്.

കിഫ്ബിയിൽ എന്താണ് നടന്നതെന്ന്‌ ജനം അറിയട്ടെ. വികസനത്തിന്റെ കാര്യത്തിൽ തോമസ് ഐസക് പറയുന്നതെല്ലാം പാഴ്‌വാക്കുകൾമാത്രമാണ്.

1000 കോടിയുടെ കുട്ടനാട് പാക്കേജിന് ഒരു രൂപ മാറ്റിെവച്ചിട്ടില്ല. ഇതുപോലെയാണ് ഇടുക്കിയിൽ പ്രഖ്യാപിച്ച 12,000 കോടിയുടെ പാക്കേജിന്റെ കാര്യവുമെന്ന് സുരേന്ദ്രൻ ആരോപിച്ചു.