തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യതയുണ്ടായിട്ടും അവസരം ലഭിക്കാത്തവർക്കായി ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയും തദ്ദേശസ്ഥാപനങ്ങളും കൈകോർക്കുന്നു. ഇത്തരക്കാരെ കണ്ടെത്തി ഉന്നത വിദ്യാഭ്യാസ ശ്രേണിയിൽ ഉൾപ്പെടുത്താനാണ് തീരുമാനം. ഇതിനാവശ്യമായ പദ്ധതികൾ ആവിഷ്‌കരിക്കാൻ സർവകലാശാലയുടെ ആദ്യ സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു.

വിവിധ തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെയാകും പദ്ധതികൾ ആവിഷ്‌കരിക്കുക. ഇതിന് ബിജു കെ. മാത്യു, ഡോ. കെ.പി. പ്രേംകുമാർ, ഡോ. ടി.എം. വിജയൻ എന്നിവരടങ്ങിയ സിൻഡിക്കേറ്റ് ഉപസമിതിയെ ചുമതലപ്പെടുത്തി. സർവകലാശാലയിൽ സൈബർ കൗൺസിൽ രൂപവത്കരിക്കാനും യോഗം തീരുമാനിച്ചു. ഡോ. കെ. ശ്രീവത്സൻ, ഡോ. കെ.പി. പ്രേംകുമാർ എന്നിവരാണ് അംഗങ്ങൾ. സർവകലാശാലയ്ക്ക് കേരളത്തിൽ സ്റ്റഡി സെന്ററുകൾ കണ്ടെത്താനുള്ള നടപടികൾ വേഗത്തിലാക്കും. ഇതോടൊപ്പം സർവകലാശാലയ്ക്ക് സ്വന്തം സ്ഥലം കണ്ടെത്താനുള്ള നിർദേശങ്ങൾ സമർപ്പിക്കാൻ പ്രത്യേക സമിതിയെയും നിയോഗിച്ചു. ശ്രീനാരായണഗുരു പാഠ്യപദ്ധതിക്കായി ശില്പശാലകൾ സംഘടിപ്പിക്കും. വിവിധ മതങ്ങളുടെ ആശയവിനിമയത്തെ പരസ്പരം പരിപോഷിപ്പിക്കുന്ന ദേശീയ ശില്പശാലകൾ സംഘടിപ്പിക്കാനും തീരുമാനിച്ചു.