തിരുവനന്തപുരം: റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടി നിയമനം നടത്തണമെന്നാവശ്യപ്പെട്ട് സിവിൽ പോലീസ് ഓഫീസർ (സി.പി.ഒ.) റാങ്ക് ഹോൾഡർമാർ നടത്തുന്ന സെക്രട്ടേറിയറ്റ് സമരം 26 ദിവസം പിന്നിട്ടു. സമരത്തിന്റെ ഭാഗമായി ഇവർ വ്യാഴാഴ്ച രണ്ടുതവണ സെക്രട്ടേറിയറ്റിനു മുന്നിൽ പ്രകടനം നടത്തി.

ആവശ്യങ്ങൾ അംഗീകരിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് റാങ്ക് ഹോൾഡർമാർ. വരുംദിവസങ്ങളിലും ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കാനാണ് തീരുമാനം. സമരത്തെ അടിച്ചമർത്താനും കളിയാക്കാനുമുള്ള ശ്രമങ്ങൾ നടക്കുകയാണെന്ന് അവർ പറഞ്ഞു. അതൊന്നും ഈ സമരത്തിന്റെ വീര്യം കെടുത്തില്ല. ന്യായമായ ആവശ്യങ്ങൾക്കു വേണ്ടി സമരംചെയ്യുന്ന തങ്ങൾക്ക് അർഹമായ നീതി ലഭിക്കണം- അവർ പറഞ്ഞു.