മലപ്പുറം: കേരള വഖഫ് ബോർഡ് നിയമനം പി.എസ്.സി.ക്കുവിട്ട വിഷയത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നിലപാട് ഏകകണ്ഠമാണെന്നും ഇക്കാര്യത്തിൽ സംഘടനയിൽ ആശയക്കുഴപ്പമില്ലെന്നും നേതാക്കൾ. മറിച്ചുള്ള പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, ജനറൽസെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ, സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡ് ജനറൽസെക്രട്ടറി എം.ടി. അബ്ദുല്ല മുസ്‌ലിയാർ എന്നിവർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.

നിയമനം പി.എസ്.സി.ക്കുവിട്ട നടപടി പുനഃപരിശോധിക്കണമെന്ന് സമസ്ത അംഗീകരിച്ച പ്രമേയത്തിൽ നേരത്തേ ആവശ്യപ്പെട്ടതാണ്. മുസ്‌ലിം സംഘടനകളുടെ കൂട്ടായ്മയോടൊപ്പം സമസ്ത സഹകരിച്ചിട്ടുണ്ട്. പ്രക്ഷോഭത്തിന്റെ ഭാഗമായി വെള്ളിയാഴ്‌ച പള്ളികളിൽ നടത്താൻ നിശ്ചയിച്ച പ്രഭാഷണം ചില രാഷ്ട്രീയവിവാദങ്ങൾക്കും മഹല്ലുകളിൽ കുഴപ്പങ്ങൾക്കും കാരണമാകുമെന്നതിനാലാണ് ഒഴിവാക്കണമെന്ന് പ്രസിഡന്റ് പ്രഖ്യാപിച്ചത്. വിഷയം ചർച്ചചെയ്യാമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. അനുകൂല നിലപാട് സർക്കാരിൽനിന്നുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അല്ലാത്തപക്ഷം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ തുടർനടപടികളുമായി മുന്നോട്ടുപോകുമെന്നും നേതാക്കൾ പറഞ്ഞു.