മലപ്പുറം: കോട്ടയ്ക്കലിലെ ജോലിസ്ഥലത്തുനിന്നു നവവരനെ ഭാര്യവീട്ടുകാർ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൽ വഴിത്തിരിവ്. ഭർത്തൃപീഡനത്തിന് താൻ തിരിച്ചുനൽകിയ പരാതിയിൽ കേസെടുത്തെങ്കിലും പ്രതിയെ പോലീസ് അറസ്റ്റുചെയ്യുന്നില്ലെന്ന് യുവതി പത്രസമ്മേളനത്തിൽ ആരോപിച്ചു. കേസ് അട്ടിമറിക്കാൻ പോലീസ് ശ്രമിക്കുന്നതായും ഇവർ ആരോപിച്ചു.

ഏപ്രിൽ അഞ്ചിനാണ് ഒതുക്കുങ്ങൽ സ്വദേശിയായ യുവതിയും കോട്ടയ്ക്കൽ ചങ്കുവെട്ടി എടക്കണ്ടൻ അബ്ദുൽ ഹസീബും വിവാഹിതരായത്. ഒരുമാസത്തിനുശേഷം ഹസീബ് പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്നാണ് യുവതിയുടെ പരാതി. സഹകരിക്കാതെ വന്നപ്പോൾ ദേഹോപദ്രവമേൽപ്പിച്ചു. ഉപരിപഠനത്തിന് അയയ്ക്കാതെയും കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടും ശാരീരികമായും മാനസികമായും പീഡിപ്പിച്ചു. ഭർത്താവിന്റെ മാതാപിതാക്കളും സഹോദരിയും ഇതിനു കൂട്ടുനിന്നു. ശാരീരികബുദ്ധിമുട്ടുകൾ കാരണം രണ്ടുതവണ ആശുപത്രിയിലായി.

പീഡനവിവരംവെച്ച് നവംബർ 19-ന് എസ്.പി.ക്ക് പരാതിനൽകി. തുടർന്ന് മലപ്പുറം വനിതാ പോലീസ് മൊഴിയെടുത്ത് പ്രതിക്കെതിരേ എഫ്.ഐ.ആർ. രജിസ്റ്റർചെയ്തെങ്കിലും ഇതുവരെ അറസ്റ്റുചെയ്തിട്ടില്ല. പ്രതിയുടെ രാഷ്ട്രീയസ്വാധീനമാണ് ഇതിനു കാരണമെന്നും നീതികിട്ടിയില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും ഇവർ പറഞ്ഞു. പത്രസമ്മേളനത്തിൽ യുവതിയുടെ പിതാവും പങ്കെടുത്തു.

കഴിഞ്ഞമാസം 15-നാണ് അബ്ദുൾ ഹസീബിനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൽ യുവതിയുടെ ബന്ധുക്കളായ ആറുപേരെ കോട്ടയ്ക്കൽ പോലീസ് അറസ്റ്റുചെയ്തത്. ഒരാളെക്കൂടി പിടികിട്ടാനുണ്ട്. കാറിലെത്തിയ സംഘം വിവാഹമോചനമാവശ്യപ്പെട്ട് മർദിച്ചു പരിക്കേൽപ്പിച്ചതായാണ് ഹസീബിന്റെ പരാതി.