എടപ്പാൾ: വാഹന പുകപരിശോധനയ്ക്കുള്ള ശാസ്ത്രീയ പരിശീലനം തുടങ്ങി. ഇത്തരം കേന്ദ്രങ്ങൾ നടത്തുന്നവർക്കായി ‌സംസ്ഥാന മോട്ടോർവാഹന വകുപ്പിനു കീഴിൽ എടപ്പാളിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവർ ട്രെയിനിങ് ആൻഡ് റിസർച്ച് (ഐ.ഡി.ടി.ആർ.) സെന്ററിലാണ് പരിശീലനം തുടങ്ങിയത്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 50 പേർക്കാണ് ആദ്യഘട്ട പരിശീലനം. മൂവായിരത്തോളം കേന്ദ്രങ്ങളാണുള്ളത്. ശേഷിക്കുന്നവർക്ക് ഘട്ടംഘട്ടമായി പരിശീലനം നൽകും. പുകയിലെ കാർബൺ മോണോക്‌സൈഡ്‌ അടക്കമുള്ളവയുടെ അളവ് ശാസ്ത്രീയമായി പരിശോധിച്ച് കൃത്യമായി രേഖപ്പെടുത്തി സർട്ടിഫിക്കറ്റ് നൽകുന്ന രീതിയിലേക്ക് ഈ മേഖലയെ മാറ്റാനുള്ള ശ്രമമാണ് തുടങ്ങിയതെന്ന് ജോയിന്റ് ഡയറക്ടർ ഡോ. മുഹമ്മദ് നജീബ് പറഞ്ഞു. ഇവർക്ക് സർക്കാർ അംഗീകൃത സർട്ടിഫിക്കറ്റ് നൽകും.