പത്തനംതിട്ട: റോഡിനായി ഏറ്റെടുത്ത ഭൂമിക്ക് നഷ്ടപരിഹാരം നൽകാത്തതിനെ തുടർന്ന് സർക്കാർ വാഹനങ്ങൾ ജപ്തി ചെയ്യുന്നതിനിടെ, നടപടി സ്റ്റേ ചെയ്ത് ഹൈക്കോടതി ഉത്തരവെത്തി. പത്തനംതിട്ടയിലെ റിങ് റോഡിന് ഏറ്റെടുത്ത ഭൂമിക്ക് നഷ്ടപരിഹാരം നൽകുന്നതിൽ വീഴ്ച വരുത്തിയതിനെത്തുടർന്നാണ് ജില്ലാ കളക്ടറുടേത് അടക്കം സർക്കാർ വാഹനങ്ങൾ ജപ്തി ചെയ്യാൻ സബ് കോടതി നേരത്തെ ഉത്തരവിട്ടത്. ധനകാര്യം, കൃഷി, പട്ടികജാതി വികസന വകുപ്പ് എന്നിവയുടേതായി മൂന്ന് വാഹനങ്ങളിൽ ബുധനാഴ്ച രാവിലെ ജപ്തി ചെയ്ത് നോട്ടീസ് പതിച്ചിരുന്നു. മറ്റ് വാഹനങ്ങൾ കണ്ടെത്താൻ‌ കോടതി ജീവനക്കാർ നീക്കം നടത്തുന്നതിനിടെയാണ്, ജപ്തി സ്റ്റേ ചെയ്തുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവിന്റെ വിശദാംശങ്ങൾ പുറത്തുവന്നത്. ഒരു മാസത്തേക്കാണ് ജപ്തി തടഞ്ഞത്. 10 ലക്ഷം രൂപ ഉടൻ കെട്ടിവെയ്ക്കാനും ജില്ലാ ഭരണകൂടത്തിന്‌ നിർദേശമുണ്ട്. സർക്കാരാണ് ഹൈക്കോടതിയെ സമീപിച്ചത്.

അതിനിടെ നഷ്ടപരിഹാരത്തുകയായ 1,14,16,092 രൂപ കെട്ടിവെയ്ക്കുന്നതിനുള്ള നടപടികൾക്കായി ജില്ലാ കളക്ടർ സർക്കാരിനെ സമീപിച്ചു. റവന്യൂ മന്ത്രി, റവന്യൂ സെക്രട്ടറി എന്നിവരെ കളക്ടർ നേരിൽ കണ്ട് വിവരം ധരിപ്പിച്ചു. റിങ് റോഡ് വികസനത്തിനു 2010-ൽ ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട തർക്കമാണ് കോടതി നടപടികൾക്ക് കാരണമായത്. നഷ്ടപരിഹാരമായി നിശ്ചയിച്ച തുക അപര്യാപ്തമെന്ന് വ്യക്തമാക്കി 2012-ൽ നന്നുവക്കാട് കല്ലുപുരയ്ക്കൽ വീട്ടിൽ പി.‌ടി.കുഞ്ഞമ്മയാണ് കോടതിയെ സമീപിച്ചത്. അധിക തുകയ്ക്ക് അർഹതയുണ്ടെന്നായിരുന്നു വിധി. ഇതിനെതിരെയുള്ള സർക്കാർ അപ്പീൽ 2018-ൽ ഹൈക്കോടതി തള്ളി. എന്നാൽ രണ്ടരവർഷത്തിനുശേഷവും തുക അടയ്ക്കാതായതോടെ കുഞ്ഞമ്മ സബ് കോടതിയെ സമീപിച്ചു. ജില്ലാ കളക്ടറുടേത് അടക്കം 23 സർക്കാർ വാഹനങ്ങൾ ജപ്തി ചെയ്ത് ലേലത്തിൽ വിൽക്കാനായിരുന്നു സബ്കോടതി ഉത്തരവ്.