കൊച്ചി: സംസ്ഥാനത്താകെ പട്ടയഭൂമിയിലെ മരം കർഷകരെ പ്രേരിപ്പിച്ച് തുച്ഛവിലയ്ക്ക് ചിലർ വാങ്ങുകയായിരുന്നുവെന്ന് സർക്കാർ ഹൈക്കോടതിയിൽ. ക്രൈംബ്രാഞ്ച് എ.ഡി.ജി.പി. എസ്. ശ്രീജിത് നൽകിയ വിശദീകരണത്തിലാണ് ഈ വിവരങ്ങൾ ഉള്ളത്. വയനാട് മുട്ടിൽ മരംമുറിക്കേസുമായി ബന്ധപ്പെട്ടാണ് ഐ.പി.സി.പ്രകാരം 68 കേസുകളും രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ ദിവസം അറസ്റ്റിലായ ജോസുകുട്ടി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, റോജി അഗസ്റ്റിൻ എന്നിവരാണ് കർഷകരെ പ്രേരിപ്പിച്ച് ചെറിയ വിലയ്ക്ക് മരങ്ങൾ വാങ്ങി വെട്ടിക്കടത്തിയത്.

കേസിലെ മറ്റ് പ്രതികളൊക്കെ ചെറിയ സ്ഥലം ഉടമകളാണ്. 12 പേർ ആദിവാസി വിഭാഗത്തിൽപ്പെട്ടവരാണ്. മുട്ടിൽ സൗത്ത് വില്ലേജ് ഓഫീസർക്കും സ്പെഷ്യൽ വില്ലേജ് ഓഫീസർക്കും മരംമുറിയിൽ പങ്കുണ്ടെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. 570 കേസുകളാണ് വനം വകുപ്പ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ ഏറെ പേരും കുറച്ച് പട്ടയഭൂമി മാത്രം ഉള്ളവരാണ്. ഇവർ മറ്റുള്ളവരുടെ പ്രേരണയാൽ മരം മുറിച്ചവരാണ്. ഇവരിൽ ഏറെ പേരെയും അറസ്റ്റു ചെയ്ത് ജാമ്യത്തിൽ വിട്ടു.

സംസ്ഥാനാത്താകെ പട്ടയഭൂമിയിൽനിന്ന് വ്യാപകമായി മരംമുറിച്ച് കടത്തിയതിന് പിന്നിൽ ക്രിമിനൽ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നത് സംബന്ധിച്ചാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നത്.

റോജി അഗസ്റ്റിന്റെ അക്കൗണ്ട് വിവരങ്ങൾ പരിശോധിക്കുകയാണ്. മരം മുറിച്ചതുമായി ബന്ധപ്പെട്ട് റവന്യൂ വകുപ്പിന്റെ കൈവശമുള്ള രേഖകൾ പരിശോധിച്ചു. പ്രതികളുടെ ഫോൺ രേഖകളും പരിശോധിക്കുന്നുണ്ട്. 23 പ്രധാന സാക്ഷികളുടെ മൊഴി എടുത്തിട്ടുണ്ടെന്നും വിശദീകരണത്തിൽ പറയുന്നു.