കലഞ്ഞൂർ (പത്തനംതിട്ട): രോഗം ഏതുമായിക്കോട്ടെ രോഗി ആരുമായിക്കോട്ടെ സജീവ് എന്ന പേരിൽതന്നെ അവർക്ക് ഒരാശ്വാസം കിട്ടുമെങ്കിൽ അത് ആ മനസ്സിന്റെ നന്മയാകാം. 24 വർഷമായി ഇരുന്നൂറിലേറെ കാൻസർ രോഗികൾ, മൂന്നൂറിലേറെ കിടപ്പുരോഗികൾ, ആയിരത്തിലേറെ മറ്റ് രോഗികൾ ഇവർക്കൊക്കെ ആശുപത്രിയിലേക്ക് പോകാൻ സജീവിന്റെ കൂട്ട് മാത്രം മതി.

രാപ്പകലില്ലാതെ കലഞ്ഞൂർ പുളിങ്കീഴിൽ സജീവിന്റെ 9446190830 എന്ന ഫോണിൽ കൂടി രോഗികളുടെയും ബന്ധുക്കളുടെയും വിളികൾ മാത്രമാണ്. സ്വന്തം തിരക്കുകളെല്ലാം മാറ്റിവെച്ച് ഏത് രോഗി എന്താവശ്യം പറഞ്ഞാലും ഉടൻതന്നെ അവർക്കൊപ്പം സജീവും യാത്ര തുടങ്ങും.

രോഗികൾക്ക് ഒപ്പം സജീവും കേരളത്തിലെ പല ആശുപത്രികളിലും എത്തിയിട്ടുണ്ട്. ഒരു സഹോദരനായി ഒപ്പംനിന്ന് സേവനമായിതന്നെയാണ് ചെയ്യുന്നത്.

സഹോദരി സുശീലയുടെ വീട്ടിലാണ് താമസം. രോഗികൾക്ക് ഒപ്പമുള്ള യാത്ര തുടരുന്നതിനാൽ വിവാഹം കഴിക്കുന്നതിനെപ്പറ്റി സജീവ് ചിന്തിച്ചിട്ടില്ല. പത്തനംതിട്ട, കൊല്ലം ജില്ലകളിലെ പല പ്രദേശങ്ങളിലും ആരെങ്കിലും അപകടത്തിൽപ്പെട്ടാലും രോഗാവസ്ഥയിലായാലും ആദ്യം ബന്ധുക്കൾ അന്വേഷിക്കുന്നത് സജീവ് എവിടെയുണ്ടെന്നാണ്. രോഗിയുടെ അവസ്ഥ കേൾക്കുന്ന സജീവ് പിന്നീട് വിദഗ്ധഡോക്ടർമാരുമായി സംസാരിച്ചശേഷം ഏത് ആശുപത്രിയിൽ എത്തണമെന്നും നിർദേശിക്കും. രോഗിയുമായി ബന്ധുക്കൾ അവിടെയെത്തുമ്പോഴാണ് കാര്യങ്ങളെല്ലാം സജീവ് നേരത്തേതന്നെ ഡോക്ടറെ വിളിച്ചറിയിച്ചിട്ടുണ്ടെന്ന് മനസ്സിലാകുന്നത്.

ജ്യേഷ്ഠന്റെ വിയോഗം കണ്ടറിഞ്ഞ് തുടങ്ങിയ യാത്ര

മൂത്തജ്യേഷ്ഠനായ സദാശിവന് വേണ്ട സമയത്ത് വിദഗ്ധചികിത്സ നൽകാൻ കഴിയാതെ മരണം കവർന്നെടുത്തതാണ് സജീവിന്റെ ജീവിതത്തെതന്നെ മാറ്റിമറിച്ചത്. ഈ ദുരന്തം കണ്ടറിഞ്ഞ വേദനയാണ് ഇന്ന് ആയിരങ്ങൾക്ക് തണലാകുന്നത്. രോഗം ബാധിച്ച സഹോദരനെ ആശുപത്രിയിലേക്ക് എത്തിക്കാൻ താമസിച്ചതാണ് മരണത്തിന് കാരണമായതെന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോക്ടർമാർ പറഞ്ഞപ്പോൾ അന്ന് 17 വയസ്സുള്ള സജീവിന്റെ മനസ്സിലേക്കാണ് ആ വാക്കുകൾ കയറിയത്. കലഞ്ഞൂരിലുള്ള കേരള ഗ്രാമീൺ ബാങ്കിൽ 2004 മുതൽ താൽക്കാലിക ജീവനക്കാരനായ സജീവിന്റെ ജീവിതത്തിന്റെ ഭൂരിഭാഗം സമയവും ആരോഗ്യപ്രവർത്തകന്റെ റോളാണ്. ബാങ്കിലെ മറ്റ് ജീവനക്കാരുടെയും നിറഞ്ഞ സഹായവും സജീവിന് പ്രചോദനമാകുന്നു.

ചില വേദനകളും...

പണമില്ലാതെ വിഷമിക്കുന്ന രോഗികൾക്കായി ബന്ധുക്കളിൽനിന്ന് സ്വർണം എടുത്ത് പണയം വെച്ചിട്ടുണ്ട്. അത് ലേലത്തിൽ പോയതിനാൽ വാങ്ങി നൽകേണ്ട അവസ്ഥയും ഉണ്ടായി.