തിരുവനന്തപുരം: വിദ്യാർഥികൾക്ക് ഡിജിറ്റൽ വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനായി തുടക്കമിട്ട ’വിദ്യാകിരണം’ പദ്ധതിയുടെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കു സമാനമായി മുഖ്യമന്ത്രിയുടെ വിദ്യാഭ്യാസ ശാക്തീകരണ ഫണ്ട് രൂപവത്‌കരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിദ്യാകിരണം പദ്ധതിയുടെയും ഇതിന്റെ ഭാഗമായി ഒരുക്കിയിട്ടുള്ള വെബ്‌സൈറ്റിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഇതിൽ ലഭിക്കുന്ന തുക വിദ്യാഭ്യാസ ആവശ്യത്തിന് മാത്രമായിരിക്കും ഉപയോഗിക്കുക. പദ്ധതിയുടെ ഭാഗമായി ആരംഭിച്ച വെബ്‌പോർട്ടലിലൂടെ ഫണ്ട് നൽകാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. തദ്ദേശസ്ഥാപനങ്ങൾ മുഖേനയാണ് ഓരോ പ്രദേശത്തും വിദ്യാകിരണം നടപ്പാക്കുന്നത്. പുസ്തകം, പെൻസിൽ, പേന തുടങ്ങി ഒരു കുട്ടിയുടെ വിദ്യാഭ്യാസത്തിന് ആവശ്യമായ പഠനോപകരണങ്ങൾപോലെതന്നെ പ്രധാനമാണ് ഡിജിറ്റൽ ഉപകരണങ്ങളും എന്ന കാഴ്ചപ്പാടാണ് സർക്കാരിനുള്ളത്. ഓൺലൈൻ പഠനത്തിന് കണക്ടിവിറ്റി പ്രശ്‌നങ്ങളുള്ള മേഖലകളിൽ അവ ഉറപ്പാക്കാൻ കണക്ടിവിറ്റി സേവനദാതാക്കളുമായി ചർച്ച നടത്തിയിട്ടുണ്ട്. അത്യപൂർവ സ്ഥലങ്ങളിൽ ഒഴികെ എല്ലായിടത്തും കണക്ടിവിറ്റി ഉറപ്പാക്കാൻ കഴിയുമെന്ന് ധാരണയായിട്ടുണ്ട്. ബാക്കിയുള്ള പ്രദേശങ്ങളിലും പരിഹാരം കാണാനുള്ള നടപടികളാണ് ആലോചിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രി വി.ശിവൻകുട്ടി അധ്യക്ഷനായി. മന്ത്രിമാരായ കെ.കൃഷ്ണൻകുട്ടി, എം.വി.ഗോവിന്ദൻ, പി.രാജീവ്, ആന്റണി രാജു, കെ.രാധാകൃഷ്ണൻ, അഹമ്മദ് ദേവർകോവിൽ, ചീഫ് സെക്രട്ടറി ഡോ. വി.പി.ജോയ്, മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ.എം.എബ്രഹാം, പൊതുവിദ്യാഭ്യാസ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, ഡയറക്ടർ കെ.ജീവൻബാബു എന്നിവർ പങ്കെടുത്തു.

ലോകത്തെവിടെനിന്നും കുട്ടികൾക്ക് പഠനസഹായമെത്തിക്കാൻ കഴിയും. വിദ്യാകിരണം പദ്ധതിയുടെ വെബ്‌സൈറ്റായ https://vidyakiranam.kerala.gov.in ലൂടെ സഹായം ലഭ്യമാക്കാം. ഒരു പ്രദേശത്തെ സ്‌കൂളിനെ പ്രത്യേകമായി സഹായിക്കുന്നതിനും സംവിധാനം ഒരുക്കിയിട്ടുണ്ട്. എത്ര കുട്ടികൾക്ക് പഠനോപകരണങ്ങൾ ലഭ്യമാക്കാൻ ഉദ്ദേശിക്കുന്നുവെന്നും രേഖപ്പെടുത്താം.