തിരുവനന്തപുരം: കോവിഡ് ലോക്‌ഡൗണിൽ വരുത്തിയ ഇളവുകളിൽ കടകളിൽ എത്തുന്നവർക്ക് പുതിയ മാനദണ്ഡങ്ങൾ ഏർപ്പെടുത്തി.

* കടകൾ, ചന്തകൾ, ബാങ്കുകൾ, സർക്കാർ സ്വകാര്യ ഓഫീസുകൾ, ഫാക്ടറികൾ, വ്യവസായ സ്ഥാപനങ്ങൾ, തുറസ്സായ വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവിടങ്ങൾ സന്ദർശിക്കുന്നവർ ആദ്യ ഡോസ് വാക്സിൻ എങ്കിലും എടുത്തവരാകണം. അല്ലെങ്കിൽ 72 മണിക്കൂറിനുള്ളിൽ നടത്തിയ ആർ.ടി.പി.സി.ആർ.- കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ്‌. ഒരു മാസത്തിനുള്ളിൽ കോവിഡ് ബാധിച്ച് രോഗമുക്തി നേടിയവർക്കും വരാം. വാക്സിൻ സ്വീകരിക്കാത്ത കുട്ടികൾക്ക് മുതിർന്നവർക്കൊപ്പം ഇവിടം സന്ദർശിക്കാം.

* കടകളിലെ ജീവനക്കാരുടെ വാക്സിനേഷൻ വിവരം, എത്ര ഉപഭോക്താക്കൾക്ക് പ്രവേശനം ഉണ്ട് തുടങ്ങിയ കാര്യങ്ങൾ പ്രദർശിപ്പിക്കണം.

കോവിഡ് മാനദണ്ഡം പാലിച്ച് സർക്കാർ, സ്വകാര്യ ട്രാൻസ്പോർട്ട് വാഹനങ്ങൾ അനുവദിക്കും.

നിയന്ത്രണത്തിന് പുതിയ രീതി:

* ഒരുപ്രദേശത്തെ ജനസംഖ്യയുടെ 1000 പേരിൽ പത്തിലേറെ കോവിഡ് രോഗികൾ ഉണ്ടായാൽ അവിടെ ട്രിപ്പിൾ ലോക്‌ഡൗൺ.

* എല്ലാ ബുധനാഴ്ചയും കോവിഡ് 19 ജാഗ്രതാ പോർട്ടലിൽ ലോക്‌ഡൗൺ പ്രദേശങ്ങളുടെ പട്ടിക പ്രസിദ്ധപ്പെടുത്തും.

* മത്സരപരീക്ഷകൾ, റിക്രൂട്ട്‌മെന്റ്, സർവകലാശാല പരീക്ഷകൾ, കായിക മത്സരങ്ങൾ എന്നിവയും അനുവദിക്കും.

ഓഫീസുകൾ തിങ്കൾമുതൽ വെള്ളിവരെ:

* സർക്കാർ ഓഫീസുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾ, കമ്മിഷനുകൾ എന്നിവയ്ക്കും തിങ്കൾ മുതൽ വെള്ളിവരെ പ്രവർത്തിക്കാം.

* കടകളിൽ സാമൂഹിക അകലം പാലിക്കുന്നതിനായി 25 ചതുരശ്രയടിയിൽ ഒരാൾ എന്ന നിലയിൽ ആയിരിക്കും പ്രവേശനം.

ആൾക്കൂട്ടം ഒഴിവാക്കണം -മന്ത്രി വീണാ ജോർജ്

: ഉത്സവകാലമായതിനാൽ ആൾക്കൂട്ടം ഒഴിവാക്കാൻ വ്യാപാര സ്ഥാപനങ്ങൾ നടപടി സ്വീകരിക്കണമെന്ന് മന്ത്രി വീണാ ജോർജ്.

ഉടമയുടെ ഉത്തരവാദിത്വമായിരിക്കും ഇത്. ഹോം ഡെലിവറി സൗകര്യം കഴിയാവുന്നത്ര വിപുലീകരിക്കണം. പോലീസും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ആവശ്യമായ പരിശോധന നടത്തുമെന്നും അവർ നിയമസഭയെ അറിയിച്ചു.

സാമൂഹിക പ്രതിരോധശേഷി വർധിപ്പിക്കാൻ 60 വയസ്സിന് മുകളിലുള്ള മുഴുവൻപേർക്കും വാക്സിൻ ലഭ്യതയ്ക്ക് അനുസരിച്ച് നിശ്ചിത തീയതിക്കുള്ളിൽ വാക്സിൻ നൽകും. 60 ലക്ഷം വാക്സിൻ ഡോസുകൾ ഈ മാസം അനുവദിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രിക്ക് മുഖ്യമന്ത്രി കത്തുനൽകിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികളുടെ വാക്സിനേഷൻ നടത്തുന്നതിന് സ്ഥലസൗകര്യങ്ങൾ ഉൾപ്പെടെ നൽകി പ്രോത്സാഹിപ്പിക്കും. മൂന്നാം തരംഗത്തിന്റെ ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ കഴിയുന്നത്ര വാക്സിനേഷൻ പൂർത്തീകരിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്- മന്ത്രി നിയമസഭയെ അറിയിച്ചു.