കൊച്ചി: കോവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ പൊളിച്ചെഴുത്ത് ആവശ്യപ്പെട്ട് ശാസ്ത്രസാഹിത്യ പരിഷത്ത്. കടകളും സേവനങ്ങളും ആഴ്ചയിൽ എല്ലാദിവസവും സാധാരണയിൽക്കൂടുതൽ സമയം പ്രവർത്തിപ്പിക്കാനുള്ള അനുമതിയാണ് കൊടുക്കേണ്ടതെന്ന് പരിഷത്ത് സർക്കാരിനോട് നിർദേശിച്ചു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ച് വിമർശനങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് ഇടത് അനുകൂല ശാസ്ത്രപ്രസ്ഥാനംതന്നെ തിരുത്ത് ആവശ്യപ്പെട്ടത്.

പൊതുജനാരോഗ്യപ്രവർത്തകരുടെ മേൽനോട്ടത്തിൽ തദ്ദേശസ്ഥാപനങ്ങളുടെ മുൻകൈയിൽ പ്രവർത്തിക്കുന്ന പ്രാദേശിക ദ്രുതകർമ സേനകൾ (ആർ.ആർ.ടി.) ആയിരിക്കണം ഇനിയുള്ള ഘട്ടങ്ങളിൽ കോവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ മുൻനിരയിൽ ഉണ്ടാവേണ്ടത്. പ്രതിരോധപ്രവർത്തനങ്ങൾ ജനങ്ങൾക്ക് ബോധ്യപ്പെടുന്ന വിധത്തിലായിരിക്കണം. പോലീസ് സംവിധാനം അത്യാവശ്യഘട്ടങ്ങളിൽമാത്രമേ ഉപയോഗിക്കാവൂ.

നിലവിലുള്ള വാക്സിൻ വിതരണസംവിധാനം പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതാണ്. ഒറ്റത്തവണ രജിസ്റ്റർ ചെയ്താൽതന്നെ മുൻഗണനാക്രമവും ആരോഗ്യ-തൊഴിൽ സാഹചര്യങ്ങളും പരിഗണിച്ച് ഉചിതമായ സമയത്ത് വാക്സിൻ കൊടുക്കാൻ കഴിയണം.

അവശ്യസേവനങ്ങളെകൂടി തടസ്സപ്പെടുത്തുന്ന രീതിയിൽ റോഡുകൾ അടച്ചിടരുതെന്നും പരിഷത്ത് നിർദേശിക്കുന്നു.