തിരുവനന്തപുരം: ചരക്ക് സേവന നികുതി (ജി.എസ്.ടി.) നടപ്പാക്കിയപ്പോൾ കേരളത്തിനു കാര്യമായ നേട്ടമുണ്ടായില്ലെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. ഇങ്ങനെയല്ല പ്രതീക്ഷിച്ചത്. ഇതിലെ അപാകങ്ങളും അപകടങ്ങളും ഒരുഘട്ടം കഴിഞ്ഞാണ് ബോധ്യമായതെന്നും അദ്ദേഹം പറഞ്ഞു.

ജി.എസ്.ടി. നടപ്പാക്കിയതിന്റെ നാലുവർഷത്തെ അനുഭവപാഠങ്ങളെക്കുറിച്ച് ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്‌സേഷൻ സംഘടിപ്പിച്ച ഓൺലൈൻ ചർച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജി.എസ്.ടി. വരുമാനം കുറഞ്ഞതിനു പിന്നിൽ കോവിഡ് മഹാമാരി പ്രധാന കാരണമാണ്. എന്നാൽ, കേരളത്തിലെ നികുതിവരുമാന വളർച്ചാനിരക്കിൽ സംഭവിച്ച പോരായ്മകൾ പരിശോധിക്കപ്പെടണം- അദ്ദേഹം പറഞ്ഞു.

നഷ്ടപരിഹാരം അഞ്ചുവർഷത്തേക്കുകൂടി നീട്ടണമെന്ന ആവശ്യം സംസ്ഥാനങ്ങൾ ഒരുമിച്ചുനിന്ന് ഉയർത്തണമെന്ന് ചർച്ചയിൽ അധ്യക്ഷത വഹിച്ച മുൻ ധനമന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു. അടിസ്ഥാന നിരക്കുകൾ നേരിയതോതിൽ കൂട്ടാനോ, കുറയ്ക്കാനോ ഉള്ള അനുവാദം സംസ്ഥാനങ്ങൾക്ക് കിട്ടണം. നിലയില്ലാ കയത്തിലേക്ക് എടുത്തുചാടിയ ശേഷം നീന്തൽ പഠിക്കാൻ ശ്രമിക്കുന്നതുപോലുള്ള അനുഭവമാണ് ജി.എസ്.ടി.യുടെ കാര്യത്തിൽ കഴിഞ്ഞ നാലുവർഷം കണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

ഐ.ടി. അടിസ്ഥാന സൗകര്യങ്ങൾ കാര്യക്ഷമമായി നടപ്പാക്കാൻ ഇനിയും കഴിയാത്തത് വലിയ വീഴ്ചയാണെന്ന് ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി ആർ.കെ.സിങ് അഭിപ്രായപ്പെട്ടു.

നികുതികാര്യ സെക്രട്ടറി ഡോ. ശർമിള മേരി ജോസഫ്, സി.ജി.എസ്.ടി. കമ്മിഷണർ ഗിരിധർ പൈ, എസ്.ജി.എസ്.ടി. കമ്മിഷണർ ഡോ. രത്തൻ യു.കേൽക്കർ, സ്‌പെഷ്യൽ കമ്മിഷണർ ഡോ. എസ്.കാർത്തികേയൻ, ഗിഫ്റ്റ് ഡയറക്ടർ ഡോ. കെ.ജെ.ജോസഫ് എന്നിവർ സംസാരിച്ചു.