കണ്ണൂർ: നിർമാണം പൂർത്തിയായ കണ്ണൂർ സർവകലാശാലയുടെ ധർമശാല കാമ്പസിലെ വനിതാ ഹോസ്റ്റലിന്റെയും മാനന്തവാടി കാമ്പസിലെ ജന്തുശാസ്ത്ര അക്കാദമിക് ബ്ലോക്കിന്റെയും ആൺകുട്ടികൾക്കുള്ള ഹോസ്റ്റലിന്റെയും ഉദ്ഘാടനം 16-ന് വൈകീട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവ്വഹിക്കും.

സർവകലാശാല വൈസ് ചാൻസലറുടെ അധ്യക്ഷതയിൽ സ്റ്റാറ്റ്യൂട്ടറി ഓഫീസർമാരുടെയും സിൻഡിക്കേറ്റംഗങ്ങളുടെയും കാമ്പസ് ഡയറക്ടർമാരുടെയും യോഗം ചേർന്ന് സംഘാടകസമിതി രൂപവത്കരിച്ചു. സംഘാടകസമിതി യോഗങ്ങൾ ഏഴിന് ധർമശാലയിലും 10-ന് മാനന്തവാടിയിലും ചേരും.

വൈസ് ചാൻസിലർ പ്രൊഫ. ഗോപിനാഥ്‌ രവീന്ദ്രൻ ചെയർമാനും സിൻഡിക്കേറ്റ് അംഗം എൻ. സുകന്യ പ്രോഗ്രാം കമ്മിറ്റി ജനറൽ കൺവീനറുമാണ്.

യോഗത്തിൽ പ്രൊ. വൈസ് ചാൻസിലർ പ്രൊഫ. എ. സാബു, രജിസ്ട്രാർ ഇ.വി.പി. മുഹമ്മദ്, സിൻറിക്കേറ്റ് അംഗങ്ങളായ ഡോ. ടി.പി. അഷ്‌റഫ്, ഡോ. കെ.ടി. ചന്ദ്രമോഹൻ, പ്രമോദ് വെള്ളച്ചാൽ, ഡോ. എം.സി. രാജു, പ്രൊഫ. പി.കെ. പ്രസാദൻ, ഡോ. പി.പി. ജയകുമാർ എന്നിവർ പങ്കെടുത്തു.

.