മാട്ടൂൽ: സ്പൈനൽ മസ്കുലർ അസ്‌ട്രോഫി (എസ്.എം.എ.) എന്ന ജനിതകരോഗം ബാധിച്ച ഒന്നരവയസ്സുകാരൻ മാട്ടൂൽ സെൻട്രലിലെ മുഹമ്മദിന്റെ ചികിത്സയ്ക്കാവശ്യമായ മരുന്നിന്റെ ഇറക്കുമതി തീരുവയുൾപ്പെടെയുള്ള നികുതി കേന്ദ്രസർക്കാർ ഒഴിവാക്കി.

18 കോടിയോളം വിലയുള്ള മരുന്നിന്റെ നികുതി ഒഴിവാക്കിക്കൊണ്ടാണ് കേന്ദ്രസർക്കാർ ഉത്തരവിറക്കിയത്.

ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ, എം.പി.മാരായ എളമരം കരീം, രാജ് മോഹൻ ഉണ്ണിത്താൻ, വി. ശിവദാസൻ, ഇ.ടി. മുഹമ്മദ് ബഷീർ ഉൾപ്പെടെയുള്ളവർ പ്രധാനമന്ത്രിക്ക് കത്ത് നൽകിയിരുന്നു. ഇതേ തുടർന്നാണ് ധനമന്ത്രാലയത്തിൽനിന്ന് രേഖാമൂലം അറിയിപ്പ് ലഭിച്ചത്.

ചികിത്സയ്ക്കായി 18 കോടിയാണ് വേണ്ടതെന്ന സഹോദരി അഫ്രയുടെ അഭ്യർഥനയിൽ മലയാളികൾ 46.78 കോടി രൂപയാണ് ചികിത്സാസഹായത്തിനായി നൽകിയത്.

നികുതിയിളവ് ലഭിച്ചതോടെ ഒരാഴ്ചയ്ക്കകം മുഹമ്മദിന് മരുന്ന്‌ നൽകാനാകുമെന്ന ശുഭപ്രതീക്ഷയിലാണ് കുടുംബവും ചികിത്സിക്കുന്ന ഡോക്ടറും. മരുന്ന് കൊടുക്കുന്നതിന് മുന്നോടിയായി ചെയ്യേണ്ടുന്ന അഡിനോവൈറസ് ആന്റിബോഡി പരിശോധന പൂർത്തിയാക്കി. കോഴിക്കോട് മിംസ് ആശുപത്രിയിലാണ് മുഹമ്മദ് ചികിത്സ തേടിയിട്ടുള്ളത്. മാട്ടൂൽ സെൻട്രലിലെ പി.കെ. റഫീഖിന്റെയും പി.സി. മറിയുമ്മയുടെയും മകനാണ് മുഹമ്മദ്.

ഇതേ രോഗം ബാധിച്ച് വീൽചെയറിൽ കഴിയുന്ന സഹോദരി അഫ്രയ്ക്കും ചികിത്സ നൽകും. ബാക്കിത്തുകകൊണ്ട് സമാന അസുഖമുള്ള മറ്റു കുട്ടികളുടെ പ്രയാസങ്ങൾക്ക് പരിഹാരമുണ്ടാക്കാനാണ് കമ്മിറ്റിയുടെ തീരുമാനം.