ആലക്കോട് : കാർത്തികപുരം മണിയൻകൊല്ലിയിലെ കാരിക്കൽ വിനോദ്-ഷൈബി ദമ്പതിമാരുടെ കുടുംബത്തിൽ ആറംഗങ്ങൾ. ഒരു മകൾ ഒഴികെ അഞ്ചുപേർക്കും കേൾവി-സംസാരശേഷിയില്ല. കുടുംബത്തിന്റെ ഏക വരുമാനം വിനോദിന്റെ കൂലിപ്പണി. പക്ഷേ, പരിമിതികൾ ഇവരെ തളർത്തുന്നില്ല. കഴിഞ്ഞയാഴ്ച പ്ലസ് ടു ഫലം വന്നപ്പോൾ മൂത്ത മകൾ ഗ്രേയ്സ് മരിയ വിനോദ് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി. പരിയാരം കാരക്കുണ്ടിൽ ദീനസേവന നടത്തുന്ന ഡോൺബോസ്കോ സ്പീച്ച് ആൻഡ്‌ ഹിയറിങ്‌ സ്കൂളിൽനിന്ന് 99 ശതമാനം മാർക്കോടെയാണ് ഗ്രേയ്സ് പാസായത്. ഇവിടത്തെ 14 കുട്ടികളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ മൂന്നുപേരിലൊരാളാണ്. പാഠ്യേതര വിഷയങ്ങളിലും ഗ്രേയ്സ് മുന്പിലായിരുന്നു. കലാ-കായിക രംഗങ്ങളിൽ വാരിക്കൂട്ടിയ മെഡലുകൾ സൂക്ഷിക്കാൻ സ്ഥലമില്ലാതെ വിങ്ങുകയാണ് ഇവരുടെ തകർന്നുവീഴാറായ കൊച്ചുവീട്. തിരുവനന്തപുരത്ത് പൂജപ്പുരയിലെ കോളേജിൽ ബി.കോമും എം.കോമും ചെയ്ത് ബാങ്കിൽ ജോലി ചെയ്യണമെന്നാണ് ഗ്രേയ്സിന്റെ സ്വപ്നം. അല്ലെങ്കിൽ അധ്യാപികയാകണം.

മക്കളിൽ മൂന്നാമൻ ജോമോൻ നാലിലും നാലാമൻ ക്രിസ് രണ്ടിലും കാരക്കുണ്ട് സ്കൂൾ വിദ്യാർഥികളാണ്. ഇവരും പാഠ്യേതര രംഗങ്ങളിൽ മികവുറ്റവരാണ്. രണ്ടാമത്തെ മകൾ ലിസ് മരിയയ്ക്ക് മാത്രമാണ് പരമിതികളില്ലാത്തത്. ഭരണങ്ങാനം സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയാണ് ലിസ്.

സ്പോർട്സിന്റെ മികച്ച പാരമ്പര്യമുണ്ട് ഈ കുടുംബത്തിനെങ്കിലും അതിന്റെ പേരിൽ ഒരു സർക്കാർജോലി ഇവർക്ക് തരപ്പെട്ടില്ല. ബധിരർക്കുവേണ്ടിയുള്ള ദേശീയ വോളി-ബാസ്കറ്റ് ബോൾ മത്സരത്തിൽ രണ്ടുതവണ കിരീടം ചൂടിയ സംസ്ഥാന ടീമിൽ അംഗമായിരുന്നു ഷൈബി. എം.ജി. സർവകലാശാലയുടെ വിവിധ മത്സരങ്ങളിലും പല സംസ്ഥാനതല മത്സരങ്ങളിലും മെഡലുകളും സർട്ടിഫിക്കറ്റുകളും വീട്ടിൽ പൊടിപിടിക്കുന്നു. ജോലിക്കായി പലേടത്തും അപേക്ഷിച്ചു. പരീക്ഷകൾ പാസായി, അഭിമുഖത്തിനുപോയി. പക്ഷേ, നിയമന ഉത്തരവ് മാത്രം വന്നില്ല. ഏതെങ്കിലും ഒരു ജോലി തന്നെ തേടിവരുമെന്ന ഷൈബി ഉറച്ചുവിശ്വസിക്കുന്നു. വ്യവസായ പരിശീലന സർട്ടിഫിക്കറ്റ് (ഐ.ടി.സി.) നേടിയ വിനോദും പലേടത്തും ജോലിക്ക് ശ്രമിച്ച് കിട്ടാഞ്ഞാണ് കൂലിപ്പണിക്ക് ഇറങ്ങിത്തിരിച്ചത്. ഡോൺബോസ്കോ സ്കൂളിലെ പി.ടി.എ. പ്രസിഡന്റാണ് വിനോദ്. വിനോദിന്റെ സഹോദരന്റെ മകൾ ചെറുപുഴ കോളേജിലെ ബി.എ. വിദ്യാർഥി ആൻമേരി പാഠഭാഗങ്ങൾ ആംഗ്യഭാഷയിൽ വിശദീകരിച്ചുകൊടുത്ത് കുട്ടികളെ പഠനത്തിൽ സഹായിക്കുന്നു.