കൊച്ചി: ഇന്ത്യ തദ്ദേശീയമായി നിർമിച്ച ആദ്യ വിമാനവാഹിനി കപ്പൽ വിക്രാന്ത് ഇനി കടൽ പരീക്ഷണത്തിന്. കൊച്ചി കപ്പൽശാലയിൽ നിർമിച്ച കപ്പലിന്റെ സീ ട്രയൽ ബുധനാഴ്ച രാവിലെ 9.30-ന് തുടങ്ങി. പരീക്ഷണ, നിരീക്ഷണങ്ങളുടെ ഭാഗമായി കപ്പൽ അഞ്ചുദിവസത്തോളം പുറങ്കടലിലുണ്ടാകും. ഹൾ, പ്രൊപ്പൽഷൻ, നാവിഗേഷൻ, കമ്യൂണിക്കേഷൻ സംവിധാനങ്ങളുടെ പ്രകടനം വിലയിരുത്തും. 1200 പേരാണ് കപ്പലിലുള്ളത്. നാവികസേനയ്ക്കായി നിർമിച്ച കപ്പൽ അടുത്തവർഷം കമ്മിഷൻ ചെയ്യും. കപ്പലിന്റെ 76 ശതമാനത്തിലധികം നിർമാണസാമഗ്രികളും തദ്ദേശീയമാണ്. 23,000 കോടി രൂപയാണ് നിർമാണച്ചെലവ്.

അത്യാധുനികം

നാവികസേനയുടെ ഡയറക്ടറേറ്റ് ഓഫ് നേവൽ ഡിസൈനാണ് കപ്പൽ രൂപകല്പന ചെയ്തത്. എൻജിനിയറിങ്, കൺസ്ട്രക്ഷൻ, സിസ്റ്റം ഇന്റഗ്രേഷൻ മേഖലകളിലെ കൊച്ചി കപ്പൽശാലയുടെ വൈദഗ്ധ്യം വിക്രാന്തിന്റെ മികവിന് പിന്നിലുണ്ട്. ഒരു വിമാനവാഹിനി കപ്പലിന് പൂർണമായും ത്രീ ഡി സാങ്കേതികതയിൽ മാതൃക തയ്യാറാക്കുന്നത് രാജ്യത്ത് ആദ്യമാണ്.

തദ്ദേശീയമായി നിർമിച്ച സ്പെഷ്യൽ ഗ്രേഡ് സ്റ്റീലാണ് ഉപയോഗിച്ചിരിക്കുന്നത്. കേന്ദ്രീകൃതമായ ഡേറ്റാ പ്രൊസസിങ്, കൺട്രോൾ സംവിധാനങ്ങൾ, അത്യാധുനികമായ സെൻസറുകൾ എന്നിവയെല്ലാം മികവ് വർധിപ്പിക്കുന്നു.

കൊച്ചി കപ്പൽശാലയുടെ 2000 ജീവനക്കാരും അനുബന്ധ തൊഴിൽമേഖലകളിൽ നിന്നുള്ള 12,000 തൊഴിലാളികളും നിർമാണത്തിൽ പങ്കാളിയായി. ഏകദേശം 550 ഇന്ത്യൻ സ്ഥാപനങ്ങളും ഇതിൽ ഭാഗമായി.

കൊച്ചി കപ്പൽശാലയ്ക്കിത് അഭിമാന നിമിഷമാണെന്ന് കൊച്ചി കപ്പൽശാലയുടെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ മധു എസ്. നായർ പറഞ്ഞു.

ഒഴുകുന്ന പട്ടണം

ഒഴുകുന്ന ഒരു ചെറിയ പട്ടണമെന്ന് വിശേഷിപ്പിക്കാം ഈ വിമാനവാഹിനി കപ്പലിനെ. രണ്ടു ഫുട്‌ബോൾ മൈതാനങ്ങളുടെ വലുപ്പമുണ്ട് കപ്പലിലെ ഫ്ളൈറ്റ് ഡെക്കിന്. 262 മീറ്റർ നീളവും 62 മീറ്റർ വീതിയും 59 മീറ്റർ ഉയരവുമാണ് കപ്പലിനുള്ളത്. അഞ്ച് സൂപ്പർ സ്ട്രക്ചറുകൾ ഉൾപ്പെടെ 14 ഡെക്കുകളുണ്ട്. 2300 കമ്പാർട്ട്‌മെന്റുകളുണ്ട്. 1700 പേരെ ഉൾക്കൊള്ളാനാകും. 28 നോട്ടിക്കൽ മൈലാണ് കപ്പലിന്റെ വേഗം. 18 നോട്ടിക്കൽ മൈലാണ് ക്രൂയിസിങ് വേഗം. 7500 മൈൽ ദൂരം പോകാനുള്ള ശേഷിയുണ്ട്. ഹെലികോപ്റ്ററുകളെയും ഫൈറ്റർ വിമാനങ്ങളെയും വഹിക്കാൻ കഴിയും.