തൃശ്ശൂർ: പഴയ ടെൻഡറിലെ വ്യവസ്ഥ ഉപയോഗപ്പെടുത്തി 4 ജി നടപ്പാക്കാനുള്ള അവസരം ബി.എസ്.എൻ.എൽ. നഷ്ടപ്പെടുത്തുന്നു.

2018-ൽ രാജ്യത്ത് തിരഞ്ഞെടുത്ത ടവറുകളിൽ നിന്ന് 3 ജി ഒഴിവാക്കി 4 ജി നൽകിയപ്പോഴുള്ള വ്യവസ്ഥയാണ് ഉപയോഗപ്പെടുത്താവുന്നത്.

അന്ന് സെഡ്.ടി.ഇ. , നോക്കിയ എന്നീ കമ്പനികൾക്കാണ് ടെൻഡർ നൽകിയിരുന്നത്. 3ജി മാറ്റി 4 ജി സേവനം നൽകാനുള്ള ഉപകരണങ്ങളാണ് ടെൻഡറിലൂടെ ഈ കമ്പനികൾക്ക് നൽകിയത്. 8764 ടവറുകളിലാണ് രാജ്യത്ത് ഇതുപ്രകാരം 4ജി സേവനം ലഭ്യമാക്കിയത്. ഇത്രയും ടവറുകളിൽ ഇത് നടപ്പാക്കുകയും ചെയ്തു.

ബി.എസ്.എൻ.എൽ. ആവശ്യപ്പെടുന്ന പക്ഷം എടുത്ത എണ്ണത്തിന്റെ 50 ശതമാനം ടവറുകളിൽ കൂടി ഉപകരണങ്ങൾ നൽകാനുള്ള കരാറിലെ വ്യവസ്ഥയാണ് ഉപയോഗപ്പെടുത്താവുന്നത്. ടെൻഡറിൽ പറഞ്ഞിരിക്കുന്ന വ്യവസ്ഥകൾ പ്രകാരമായിരിക്കണം 50 ശതമാനം കൂടി നൽകേണ്ടത്.

ബി.എസ്.എൻ.എലുമായി ചർച്ചചെയ്ത് 50 ശതമാനം എന്നത് 100 ശതമാനമാക്കാമെന്നും വ്യവസ്ഥയിലുണ്ട്.

അന്ന് രാജ്യത്തെ രണ്ട് മേഖലകളാക്കി തിരിച്ചായിരുന്നു കരാർ നൽകിയിരുന്നത്. വടക്കേയിന്ത്യയും കിഴക്കേ ഇന്ത്യയും ചേർന്ന മേഖല സെഡ്.ടി.ഇ. എന്ന ചൈനീസ് കമ്പനിക്കും തെക്കേ ഇന്ത്യയും പടിഞ്ഞാറേ ഇന്ത്യയും ചേർന്ന മേഖലയിൽ നോക്കിയയുമാണ് കരാർ ഏറ്റെടുത്തത്.

ഇപ്പോഴത്തെ കരാർ റദ്ദാക്കലിലേക്ക് നയിച്ച സംഭവങ്ങളിലെ ചൈന നിരോധം കണക്കിലെടുത്ത് സെഡ്.ടി.ഇ. യെ ഒഴിവാക്കിയാലും പഴയ ടെൻഡറിലെ വ്യവസ്ഥ പ്രകാരം നോക്കിയയോട് കൂടുതൽ 4 ജി ഉപകരണങ്ങൾക്കായി ബി.എസ്.എൻ.എലിന് ആവശ്യപ്പെടാം.

5609 ടവറുകളിലാണ് അന്ന് നോക്കിയ 4ജി ഉപകരണങ്ങൾ സ്ഥാപിച്ചത്. അന്നത്തെ വ്യവസ്ഥ പ്രകാരം ആവശ്യപ്പെട്ടാൽ 2804 ടവറുകളിൽക്കൂടി സേവനം ഉറപ്പിക്കാൻ കഴിയും. വേണമെങ്കിൽ ചർച്ച ചെയ്ത് എണ്ണം കൂട്ടുകയും ചെയ്യാം.

കഴിഞ്ഞ മാർച്ച് 23-നാണ് രാജ്യത്തെ 50,000 ടവറുകളിൽ 4 ജി സേവനം ഉറപ്പാക്കാൻ ടെൻഡർ വിളിച്ചത്.

ഉപകരണങ്ങളിൽ 20 ശതമാനം മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയിലുള്ളതാവണമെന്ന് ശുപാർശ വന്നതോടെ തടസ്സങ്ങൾ തുടങ്ങി. 9300 കോടി രൂപയുടെ ടെൻഡർ അങ്ങനെ ജൂലായ്‌ ഒന്നിന് റദ്ദാക്കുകയായിരുന്നു. എന്നാൽ, ഇനിയെന്ത് എന്നതിനെക്കുറിച്ച് ആലോചനകൾ ഒന്നും നടന്നിട്ടില്ല. 2019 ഒക്ടോബറിൽ കേന്ദ്രസർക്കാർ സൗജന്യമായി അനുവദിച്ച സ്‌പെക്ട്രം ഉപയോഗിക്കാനാവാതെ ’കാഴ്ചവസ്തുവായി’ കമ്പനിയുടെ കൈവശമിരിക്കയാണ്.