ചെങ്ങന്നൂർ: വോട്ടെടുപ്പിന്‌ രണ്ടുനാൾ ശേഷിക്കെ നാടിളക്കി സ്ഥാനാർഥികളുടെ റോഡ് ഷോ. കലാശക്കൊട്ടില്ലെങ്കിലും കാൽനടയായും വാഹനങ്ങളിലുമായി പഞ്ചായത്ത് കേന്ദ്രങ്ങളിൽ പ്രവർത്തകർ പ്രചാരണ സമാപനം ആഘോഷമാക്കി. ഞായറാഴ്ച പകൽ മൂന്നുമണിയോടെ പഞ്ചായത്ത് കേന്ദ്രങ്ങളിലും നഗരത്തിലും പ്രവർത്തകർ ഒത്തുകൂടിത്തുടങ്ങി. ഇരുചക്രവാഹനറാലികളും കലാശക്കൊട്ടും തിരഞ്ഞെടുപ്പ് കമ്മിഷൻ വിലക്കിയതിനാൽ നേതാക്കൾ ശ്രദ്ധയോടെ രംഗത്തുണ്ടായിരുന്നു.

എൽ.ഡി.എഫ്. സ്ഥാനാർഥി സജി ചെറിയാൻ വൈകീട്ട് നഗരത്തിലെ വെള്ളാവൂർ ജങ്‌ഷനിലെത്തി. പ്രവർത്തകരോടൊപ്പം നഗരംചുറ്റിയശേഷം എൽ.ഡി.എഫ്. തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസിൽ സമാപിച്ചു. തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി പി. വിശ്വംഭരപ്പണിക്കർ, കൺവീനർ എം.എച്ച്. റഷീദ്, ജി. ഹരികുമാർ എന്നിവർ സ്ഥാനാർഥിയോടൊപ്പം റോഡ് ഷോയിൽ പങ്കെടുത്തു. നഗരത്തിൽ ഓട്ടോ ടാക്‌സി, ടെമ്പോ വർക്കേഴ്‌സ് യൂണിയൻ ചെങ്ങന്നൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓട്ടോ റിക്ഷകളുടെ പ്രചാരണറാലിയും നടന്നു.

യു.ഡി.എഫ്. സ്ഥാനാർഥി എം. മുരളി ഞായറാഴ്ച ദേവാലയങ്ങളും പ്രമുഖ വ്യക്തികളെയും സന്ദർശിച്ചു. മണ്ഡലത്തിന്റെ എല്ലാ പ്രദേശങ്ങളിലൂടെയും ഓട്ടപ്രദക്ഷിണം നടത്തി വോട്ടർമാരെ കണ്ടു. വൈകീട്ട് ബഥേൽ ജങ്‌ഷനിൽ സമാപിച്ചു. സമാപനവേളയിൽ യൂത്ത് കോൺഗ്രസ്, മഹിളാ കോൺഗ്രസ്, കെ.എസ്.യു. പ്രവർത്തകർ പ്രകടനമായി പങ്കെടുത്തു. അഡ്വ. എബി കുര്യാക്കോസ്, സുനിൽ പി. ഉമ്മൻ, ജൂണി കുതിരവട്ടം, അഡ്വ. ഡി. നാഗേഷ് കുമാർ, ആഡ്വ. ജോർജ് തോമസ്, രാധേഷ് കണ്ണന്നൂർ തുടങ്ങിയവർ നേതൃത്വം നൽകി.

പഞ്ചായത്തുകൾ കേന്ദ്രീകരിച്ചാണ് എൻ.ഡി.എ. സ്ഥാനാർഥി എം.വി. ഗോപകുമാറിന്റെ വിജയത്തിനായി പ്രവർത്തകർ റാലി നടത്തിയത്. വിജയരഥം എന്നുപേരിട്ട് പ്രത്യേകം തയ്യാറാക്കിയ വാഹനത്തിലാണ് പ്രചാരണത്തിന്റെ സമാപനത്തിന് എൻ.ഡി.എ. സ്ഥാനാർഥി എം.വി. ഗോപകുമാർ എത്തിയത്. നിയോജകമണ്ഡലം പ്രസിഡന്റ് സതീഷ് ചെറുവല്ലൂരും ഒപ്പമുണ്ടായിരുന്നു. സജു ഇടക്കല്ലിൽ, കെ.ജി. കർത്ത, പ്രമോദ് കാരയ്ക്കാട്, അനീഷ് മുളക്കുഴ തുടങ്ങിയവർ നേതൃത്വം നൽകി.