കൊച്ചി: ‌നടന്നേ തീരൂ ആ യാത്ര എന്ന് സിവിന് നിർബന്ധമുണ്ടായിരുന്നു. എന്നാൽ അത് നടന്നു തന്നെയായത് സാഹചര്യങ്ങൾ കൊണ്ട് വന്നു കൂടിയതാണ്. അങ്ങനെ സിവിൻ നടപ്പു തുടങ്ങിയിട്ട് ഒരു മാസമാവുകയാണ്. മാർച്ച് ആറിന് കോഴിക്കോട് കോടഞ്ചേരിയിലെ വീട്ടിൽനിന്ന് സിവിൻ നടന്നിറങ്ങി. അങ്ങകലെ ഹിമാലയത്തിന്റെ മടിത്തട്ടിൽ രാജ്യാതിർത്തിയായ ലഡാക്കിലേക്കാണ് നടപ്പ്.

ഒറ്റയ്ക്കൊരു രാജ്യസഞ്ചാരം കാലങ്ങളായുള്ള ആഗ്രഹമാണ് കോടഞ്ചേരിക്കാരൻ കെ.പി. സിവിന്. രണ്ട് വർഷമായി െബംഗളൂരുവിലെ ഇമാജിൻ സ്റ്റോറിൽ ജോലി ചെയ്യുന്നു. ബൈക്കിൽ പോകാമെന്നാണ് തീരുമാനിച്ചിരുന്നത്. എന്നാൽ, യാത്ര ഉറപ്പിച്ചപ്പോൾ കോവിഡ് പ്രശ്നമായി വന്നു. അതൊന്നു ശമിച്ചപ്പോൾ പെട്രോൾ വില വല്ലാതെ കൂടി. എന്തായാലും യാത്ര നടന്നേ തീരൂ, എങ്കിൽ നടന്നുതന്നെ പോകാം എന്ന് തീരുമാനിച്ചു.

നടപ്പ് കുറച്ച് സാഹസമാണെന്ന് ഒരുപാടുപേർ വിലക്കിയതാണ്. മുന്നോട്ടുവെച്ച കാലിനു പിറകെ അടുത്ത കാലും മുന്നോട്ടുതന്നെ എന്ന് സിവിൻ ഉറപ്പിച്ചു.

ബൈക്കിനു പോകാൻ 15 ദിവസത്തെ അവധി അനുവദിച്ച മാനേജരോട് രണ്ട് മാസം അവധി ചോദിച്ചു. നിർബന്ധമാണെങ്കിൽ ജോലി ഉപേക്ഷിച്ചോളാനാണ് മാനേജർ പറഞ്ഞത്. എങ്കിൽ അങ്ങനെ എന്നായി സിവിൻ. ആ ഉറപ്പ് കണ്ടറിഞ്ഞപ്പോൾ 60 ദിവസത്തെ അവധി നൽകി സ്ഥാപനം. എത്താൻ താമസിക്കുന്ന പക്ഷം 18 ദിവസത്തെ പെയ്‌ഡ് ലീവ് ബാക്കിയുണ്ട്. അതുകൂടെ ഉപയോഗിക്കേണ്ടി വരുമെന്ന് സിവിൻ പറയുന്നു.

പക്ഷേ, ലഡാക്കിലേക്ക് കോഴിക്കോട്ടു നിന്ന് 3500 കിലോമീറ്ററിലേറെ ദൂരമുണ്ട്. നടപ്പ് കുറച്ചു വേണ്ടി വരും. ഞായറാഴ്ച പുണെയിലൂടെ നടപ്പാണ് സിവിൻ. കേരളത്തിൽനിന്ന് ആരംഭിച്ച് കർണാടക പിന്നിട്ടതേയുള്ളൂ. ഇപ്പോൾ മഹാരാഷ്ട്രയിലാണ്. ഇനി മധ്യപ്രദേശ്, പഞ്ചാബ്, ഗുജറാത്ത്, രാജസ്ഥാൻ സംസ്ഥാനങ്ങളിലൂടെ കടന്ന് ഹിമാചൽപ്രദേശിലേക്ക് കടക്കാതെ ലഡാക്കിലേക്ക് എത്തുകയാണ് ലക്ഷ്യം. ഇതുവരെ 1050 കിലോമീറ്ററോളം സഞ്ചരിച്ചു. ദിവസം 50 കിലോമീറ്റർ നടക്കാനായിരുന്നു പദ്ധതി. എങ്കിലും 35 മുതൽ 40 കിലോമീറ്റർ വരെയേ നടക്കാൻ സാധിക്കുന്നുള്ളൂ. കാലിന് വേദനയുണ്ടായിരുന്നു തുടക്കത്തിൽ. ഇപ്പോൾ ശരീരം മൊത്തം നടപ്പിനോട് ഇണങ്ങിയിട്ടുണ്ട്.

ഗൂഗിൾ മാപ്പിൽ അടുത്തുള്ള പെട്രോൾ പമ്പ്, ആരാധനാലയങ്ങൾ, പോലീസ് സ്റ്റേഷൻ എന്നിവ നോക്കിയാണ് നടപ്പ്. മഹാരാഷ്ട്രയിലെത്തിയതോടെ ധാബകൾ ഉച്ചയോടെയേ തുറക്കുകയുള്ളൂ. രാവിലെ കഴിക്കാതെ നടക്കാനാവില്ലല്ലോ. അതുകൊണ്ട് തലേന്ന് പഴങ്ങൾ കൈകളിൽ കരുതും. രാത്രി ഒത്തു കിട്ടുന്ന സ്ഥലങ്ങളിൽ ഉറങ്ങും. അതിന് ടെന്റ് കൈയിലുണ്ട്. പവർബാങ്കും അത്യാവശ്യം വേണ്ട വസ്ത്രങ്ങളും മാത്രമേയുള്ളൂ കൈയിൽ.

യാത്ര തുടങ്ങിയപ്പോൾ ആരംഭിച്ച യു ട്യൂബ് ചാനലിലൂടെ യാത്രക്കാഴ്ചകൾ ജനങ്ങളിലേക്കെത്തിക്കുന്നുണ്ട്. ഇൻസ്റ്റഗ്രാമിലെ പേജിലൂടെ യാത്രാ പോയിന്റുകൾ മനസ്സിലാക്കി ആളുകൾ പരിചയപ്പെടാനും ഭക്ഷണമെത്തിക്കാനുമെല്ലാം എത്തുന്നത് ത്രില്ലിങ്ങായ അനുഭവമാണെന്ന് സിവിൻ. കർണാടകയിൽ ഒരു പോയിന്റിൽ വിശ്രമിക്കുന്ന സമയത്ത് 86 വയസ്സുള്ള മുത്തശ്ശൻ കൊച്ചുമക്കളുമായി കാണാൻ എത്തിയിരുന്നു. ലഡാക്കിൽനിന്ന് തിരിക്കുമ്പോൾ കിട്ടുന്ന വണ്ടികളിൽ കയറി സൗജന്യയാത്ര നടത്തി പോരുന്ന ഹിച്ച്ഹിക്കിങ്‌ രീതി സ്വീകരിക്കാനാണ് പരിപാടി.