തിരുവനന്തപുരം: സ്വർണ, ഡോളർ കടത്ത് കേസുകളുടെ അന്വേഷണം അട്ടിമറിക്കാനാണ് കേന്ദ്ര ഏജൻസികൾക്കെതിരേ സംസ്ഥാന സർക്കാർ ക്രൈംബ്രാഞ്ച്, ജുഡീഷണൽ അന്വേഷണങ്ങൾ പ്രഖ്യാപിച്ചതെന്ന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ പത്രസമ്മേളനത്തിൽ ആരോപിച്ചു. സ്വർണക്കടത്ത് കേസിൽ വ്യക്തമായ തെളിവുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതനാണ് കേസിൽ അറസ്റ്റിലായത്. കേന്ദ്രം രാഷ്ട്രീയം കളിക്കുകയാണെന്ന വ്യാജപ്രചാരണം നടത്താതെ സംസ്ഥാനസർക്കാർ നിയമപരമായി നേരിടാനുള്ള കരുത്തുകാണിക്കണം- അവർ പറഞ്ഞു.

കിഫ്ബിയിൽ ക്രമക്കേട് കണ്ടെത്തിയത് സി.എ.ജി. ആണ്. അതിനെതിരേ ധനമന്ത്രി തോമസ് ഐസക് രാഷ്ട്രീയ ആരോപണങ്ങൾ ഉയർത്തിയിട്ട് കാര്യമില്ല. വസ്തുതകൾകൊണ്ടു പ്രതിരോധിക്കണം.

ഇന്ധനവില വർധിച്ചെങ്കിലും കേന്ദ്രത്തിന് ലഭിക്കുന്ന വിഹിതത്തിൽ വർധന ഉണ്ടായിട്ടില്ല. കേന്ദ്രം മാത്രമല്ല സംസ്ഥാന സർക്കാരും നികുതി ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇന്ധനവില കുറയ്ക്കാത്തതെന്തെന്ന ചോദ്യം കേന്ദ്രസർക്കാരിനു നേർക്കുമാത്രമാണ് ഉയരുന്നത്‌- നിർമലാ സീതാരാമൻ പറഞ്ഞു.

ഭദ്രകാളിയെ പിശാച്‌ ചോദ്യംചെയ്യുന്നതുപോലെ

കൊട്ടാരക്കര: സ്വർണക്കടത്ത്‌ ഉൾപ്പെടെയുള്ള അഴിമതികൾ കണ്ടെത്തി നടപടിയെടുക്കുന്ന കേന്ദ്ര ഏജൻസികളെ കേരള പോലീസ്‌ ചോദ്യംചെയ്യുന്നത് ഭദ്രകാളിയെ പിശാച്‌ ചോദ്യംചെയ്യുന്നതിന്‌ തുല്യമാണെന്ന് നിർമലാ സീതാരാമൻ . കൊട്ടാരക്കര മണ്ഡലത്തിൽ തിരഞ്ഞെടുപ്പ്‌ പൊതുയോഗം പൂവറ്റൂരിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അവർ.