കൊല്ലം: ചവറയിൽ മദ്യംനൽകി വോട്ടർമാരെ സ്വാധീനിക്കാൻ എൽ.ഡി.എഫ്. ശ്രമിച്ചെന്ന് യു.ഡി.എഫ്. ആരോപണം. എൽ.ഡി.എഫ്. സ്വതന്ത്ര സ്ഥാനാർഥിയുടെ ഉടമസ്ഥതയിലുള്ള ബാറിൽ ടോക്കൺ നൽകി മദ്യം വിതരണം ചെയ്തെന്നാണ് ആരോപണം. തെളിവായി ദൃശ്യവും യു.ഡി.എഫ്. പുറത്തുവിട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മിഷന് പരാതിയും നൽകി. അന്വേഷണം തുടങ്ങിയെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി.

എന്നാലിത് വാസ്തവവിരുദ്ധവും കൃത്രിമമായി സൃഷ്ടിച്ചതുമാണെന്ന് എൽ.ഡി.എഫ്. മണ്ഡലം കമ്മിറ്റി അറിയിച്ചു. നിജസ്ഥിതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷൻ, കളക്ടർ, ജില്ലാ പോലീസ് മേധാവി എന്നിവർക്ക് എൽ.ഡി.എഫും പരാതി നൽകി.