ചെങ്ങന്നൂർ: ഉപതിരഞ്ഞെടുപ്പിനേക്കാൾ വലിയ ഭൂരിപക്ഷത്തിലാണ് ജയം പ്രതീക്ഷിക്കുന്നതെന്ന് എൽ.ഡി.എഫ്. തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി പി. വിശ്വംഭരപ്പണിക്കർ പറഞ്ഞു. മുഴുവൻ പഞ്ചായത്തുകളിലും ചെങ്ങന്നൂർ നഗരസഭയിലും സജി ചെറിയാന് വലിയ ലീഡ് ലഭിക്കും.

എൽ.ഡി.എഫ്. സർക്കാരിന്റെ വികസന ജനക്ഷേമ പ്രവർത്തനങ്ങൾ അടിസ്ഥാനമാക്കിയാണ് ജനങ്ങൾ വോട്ടുചെയ്യുക. എം.എൽ.എ. എന്ന നിലയിൽ സജി ചെറിയാൻ നടത്തിയ വികസന പ്രവർത്തനങ്ങൾ അദ്ദേഹത്തിന്റെ വിജയത്തിനു മുതൽക്കൂട്ടാകും.

അയ്യായിരത്തിനുമേൽ ഭൂരിപക്ഷത്തോടെയുള്ള ജയമാണ് പ്രതീക്ഷിക്കുന്നതെന്ന് യു.ഡി.എഫ്. തിരഞ്ഞെടുപ്പ് കമ്മിറ്റി ചീഫ് കോ-ഓർഡിനേറ്റർ പി.ബി. ജോൺ പറഞ്ഞു. ആലാ, പാണ്ഡനാട്, തിരുവൻവണ്ടൂർ, വെണ്മണി, മാന്നാർ, ചെങ്ങന്നൂർ നഗരസഭ എന്നിവിടങ്ങളിൽ വ്യക്തമായ മേ‌ൽക്കൈ ലഭിക്കും. സംസ്ഥാന സർക്കാരിനെതിരേയുള്ള ഭരണവിരുദ്ധവികാരം യു.ഡി.എഫിന് നേട്ടമാകും. അഞ്ചു വർഷക്കാലം എൽ.ഡി.എഫ്. എം.എൽ.എ. ജനങ്ങളെ പറ്റിക്കുകയായിരുന്നു. ഇതും യു.ഡി.എഫിന് അനുകൂലമാകും.

വിശ്വാസത്തിന്മേലുള്ള ഇടതു സർക്കാരിന്റെ കടന്നുകയറ്റവും പ്രളയവും പിൻവാതിൽ നിയമനവും ജനം മറന്നിട്ടില്ലെന്ന് എൻ.ഡി.എ. നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് ഇൻചാർജ് സജു ഇടക്കല്ലിൽ പറഞ്ഞു. കോടികളുടെ പദ്ധതികൾ പ്രഖ്യാപനത്തിലൊതിങ്ങിയതല്ലാതെ ഒന്നും ചെയ്യാൻ എം.എൽ.എ.യ്ക്ക് കഴിഞ്ഞിട്ടില്ല. ചെന്നിത്തലയും പാണ്ടനാടും തിരുവൻവണ്ടൂരും ഇടത്-വലത് മുന്നണികൾ ഒന്നായി ജനങ്ങളെ വഞ്ചിച്ചതും ഈ തിരഞ്ഞെടുപ്പിൽ ഇവർക്കെതിരേയുള്ള വോട്ടായി മാറും.

എല്ലാ ഗ്രാമപ്പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റിയിലും വ്യക്തമായ ഭൂരിപക്ഷത്തോടെ എം.വി. ഗോപകുമാർ മുന്നിലെത്തുമെന്നും സജു ഇടക്കല്ലിൽ പറഞ്ഞു.