: കോടികളുടെ മൂല്യമുള്ള സുഗന്ധസാമ്രാജ്യത്തിന്റെ ഉടമയാണ് ബദറുദ്ദീൻ അജ്മൽ. ഗന്ധങ്ങൾക്ക് അതിർത്തികളില്ലാത്തതുപോലെ രാജ്യങ്ങൾ കടന്ന് വിപുലമായി പടർന്ന സുഗന്ധവ്യവസായം. പിതാവ് അജ്മൽ അലി സ്ഥാപിച്ച ഈ സുഗന്ധലോകത്ത് രാഷ്ട്രീയത്തിന്റെ ഗന്ധം കലർത്താനായി 2005-ലാണ് ബദറുദ്ദീൻ അജ്മൽ ഓൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (എ.ഐ.യു.ഡി.എഫ്.) എന്ന രാഷ്ട്രീയപ്പാർട്ടി സ്ഥാപിച്ചത്. 16 വർഷം പിന്നിടുമ്പോൾ അസം രാഷ്ട്രീയത്തിൽ അജ്മലും എ.ഐ.യു.ഡി.എഫും നിർണായകമായിരിക്കുന്നു.

ഹ്രസ്വകാലംകൊണ്ട് അസമിലെ രാഷ്ട്രീയസമസ്യകളിൽ ചുവടുറപ്പിക്കാൻ എ.ഐ.യു.ഡി.എഫിനെ സഹായിച്ചത് സംസ്ഥാനത്തെ പൗരത്വപ്രശ്നങ്ങളും പ്രക്ഷോഭങ്ങളുമാണ്. ബംഗാളി ഭാഷ സംസാരിക്കുന്ന മുസ്‌ലിം വിഭാഗങ്ങൾക്കിടയിൽ ആഴത്തിൽ വേരോട്ടമുണ്ടാക്കി വളരാൻ അജ്മലിനും പാർട്ടിക്കും കാലമേറെ വേണ്ടിവന്നില്ല.

കോൺഗ്രസും ഇടതുപാർട്ടികളും ബോഡോ പീപ്പിൾസ് പാർട്ടിയും ചേർന്ന മഹാജോടിന്റെ (മഹാസഖ്യം) പ്രധാന പങ്കാളിയാണ് എ.ഐ.യു.ഡി.എഫ്. ഭരണകക്ഷിയായ ബി.ജെ.പി.ക്ക് വെല്ലുവിളി ഉയർത്തുന്നതും അജ്മലിന്റെ സാന്നിധ്യംതന്നെ. ക്ഷീണിച്ചു പോയ കോൺഗ്രസിന് ഊർജം ലഭിച്ചതും ഈ സഖ്യനീക്കങ്ങളിൽ നിന്നാണ്. ലോവർ അസമും ബാരക് വാലിയും അജ്മലിൻറെ ശക്തികേന്ദ്രങ്ങളാണ്. ഈ മേഖലയിലെ 34 മണ്ഡലങ്ങൾ മുസ്‌‌ലിംഭൂരിപക്ഷ പ്രദേശങ്ങളാണ്. അസമിന്റെ രാഷ്ട്രീയഗതി നിശ്ചയിക്കുന്ന ഇവിടങ്ങളിൽ ബി.ജെ.പി.ക്ക് അജ്മൽ കടുത്ത വെല്ലുവിളിയാണ്.

അസമിലെ സങ്കീർണമായ പൗരത്വപ്രശ്നങ്ങളാണ് അജ്മലിന്റെ തിരഞ്ഞെടുപ്പ് വിഷയങ്ങൾ. ബംഗ്ലാദേശിമുസ്‌ലിം വിരുദ്ധ വികാരമുയർത്തിയാണ് ബി.ജെ.പി. ഇതിനെ നേരിടുന്നത്. ‘‘എ.ഐ.യു.ഡി.എഫ്. അധികാരത്തിലെത്തിയാൽ ഈ നാടിന്റെ സ്വത്വവും സംസ്കാരവും നശിക്കും. ബംഗ്ലാദേശി വംശജരെയാണ് അജ്മൽ പ്രോത്സാഹിപ്പിക്കുന്നത്. ബംഗ്ലാദേശി കുടിയേറ്റക്കാർ അസമിന്റെ മണ്ണിൽ മാത്രമല്ല അസമിന്റെ രാഷ്ട്രീയത്തിൽ ഇടപെടുന്നതിലും ഞങ്ങൾക്ക് താത്പര്യമില്ല’’ -ബി.ജെ.പി. നേതാവ് ഹിമന്ദ ബിശ്വ ശർമ പറയുന്നു.

എന്നാൽ, ‘സ്വന്തം സർക്കാരുകളുടെ ഭരണവീഴ്ചകൾ മറയ്ക്കാനാണ് തന്നെ ബംഗ്ലാദേശി കുടിയേറ്റക്കാരുടെ നേതാവായി ചിത്രീകരിക്കുന്ന’തെന്ന് ബദറുദ്ദീൻ അജ്മൽ തിരിച്ചടിക്കുന്നു. ‘‘ജനങ്ങളെ ബാധിക്കുന്ന പ്രധാന വിഷയങ്ങളിൽനിന്ന് ശ്രദ്ധ തിരിക്കാൻ ആരോപണങ്ങൾ ചൊരിയുന്നത് നിർഭാഗ്യകരമാണ്. കാർഷികപ്രശ്നങ്ങൾ, വെള്ളപ്പൊക്കം, തൊഴിലില്ലായ്മ തുടങ്ങിയവ മറയ്ക്കാനാണ് ഈ നീക്കം’’ -അജ്മൽ ആരോപിക്കുന്നു.

പൗരത്വവിഷയത്തിൽ 2005-ലുണ്ടായ സുപ്രീംകോടതി വിധിയെത്തുടർന്നായിരുന്നു അജ്മലിന്റെ രാഷ്ട്രീയ പ്രവേശനം. 2006-ലെ തിരഞ്ഞെടുപ്പിൽ പാർട്ടി 10 സീറ്റ്‌ സ്വന്തമാക്കി. 2009-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ധുബ്രി മണ്ഡലത്തിൽനിന്ന് അജ്മൽ തിരഞ്ഞെടുക്കപ്പെട്ടതോടെ ദേശീയ തലത്തിലും നോട്ടമായി. 2011-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എ.ഐ.യു.ഡി.എഫ്. 18 സീറ്റുനേടി ഏറ്റവും വലിയ പ്രതിപക്ഷ പാർട്ടിയായി. 2014-ൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അജ്മൽ അടക്കം മൂന്നുപേർ വിജയിച്ചു. എന്നാൽ, 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അസം ബി.ജെ.പി. തൂത്തുവാരിയപ്പോൾ അജ്മലിനും കാലിടറി. പാർട്ടിയുടെ അംഗബലം 13 ആയി കുറഞ്ഞു. 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അജ്മൽ മാത്രമാണ് വിജയിച്ചത്.

കോൺഗ്രസുമായുണ്ടായിരുന്ന സൗഹൃദം ഇടയ്ക്ക് മുറഞ്ഞതാണ് 2016-ൽ അജ്മലിന് വിനയായതെന്നാണ് രാഷ്ട്രീയനിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. കോൺഗ്രസും എ.ഐ.യു.ഡി.എഫും വെവ്വേറെ മത്സരിച്ചതോടെ ന്യൂനപക്ഷ വോട്ടുകൾ ചിതറി. ബി.ജെ.പി.ക്ക് ഭരണം പിടിക്കാൻ അത് വഴിയൊരുക്കി. ഇക്കുറി കോൺഗ്രസുമായി വീണ്ടും കൈകോർക്കാനും മഹാസഖ്യമായി തിരഞ്ഞെടുപ്പിൽ മത്സരിക്കാനും തീരുമാനിച്ചതിനു പിന്നിൽ ഈ രാഷ്ട്രീയകാരണങ്ങളാണ്.

മഹാസഖ്യം വിജയിക്കുകയും കോൺഗ്രസിനെക്കാൾ കൂടുതൽ സീറ്റുകൾ എ.ഐ.യു.ഡി.എഫിന് ലഭിക്കുകയും ചെയ്താൽ, അജ്മൽ കിങ് മേക്കറല്ല, കിങ്ങാകാനും സാധ്യതയുണ്ടെന്നാണ് രാഷ്ട്രീയവർത്തമാനം. അങ്ങനെയെങ്കിൽ മുഖ്യമന്ത്രി സ്ഥാനത്തിന് അജ്മൽ അവകാശവാദമുന്നയിക്കാം. ഇക്കുറി ബംഗ്ലാദേശി കുടിയേറ്റക്കാർ സ്വന്തം മുഖ്യമന്ത്രിയെ അവരോധിക്കാനാണ് ശ്രമിക്കുന്നതെന്ന ബി.ജെ.പി.യുടെ പ്രചാരണം അജ്മലിനെ ലക്ഷ്യമിട്ടാണ്. എന്നാൽ, മുഖ്യമന്ത്രിസ്ഥാനത്തിന് തനിക്ക് താത്പര്യമില്ലെന്നും കോൺഗ്രസിന്റെ മുഖ്യമന്ത്രിസ്ഥാനാർഥിയെ താൻ പിന്തുണയ്ക്കുമെന്നും അജ്മൽ വേദികളിൽ ആവർത്തിക്കുന്നു.