ചാരുംമൂട്: പരസ്യപ്രചാരണത്തിന്റെ അവസാനദിവസമായ ഞായറാഴ്ച ഭവനസന്ദർശനത്തിന് മുൻഗണനനൽകി സ്ഥാനാർഥികൾ. മണ്ഡലത്തിലെ പ്രധാന സ്ഥലങ്ങളിലെല്ലാം പരമാവധി എത്താൻ ഇവർ ശ്രമം നടത്തി.

കലാശക്കൊട്ട് നിരോധിച്ചതിനാൽ എൽ.ഡി.എഫ്., യു.ഡി.എഫ്., എൻ.ഡി.എ. സ്ഥാനാർഥികളും പ്രവർത്തകരും വൈകീട്ട് റോഡ്‌ഷോകൾക്ക് മുൻതൂക്കം നൽകി. എൽ.ഡി.എഫ്. സ്ഥാനാർഥി എം.എസ്. അരുൺ കുമാറും യു.ഡി.എഫ്. സ്ഥാനാർഥി കെ.കെ. ഷാജുവും എൻ.ഡി.എ. സ്ഥാനാർഥി കെ. സഞ്ചുവും വൈകീട്ട് റോഡ്‌ഷോകളിൽ പങ്കെടുത്തു. റോഡ്‌ഷോ കാരണം പ്രധാന ജങ്ഷനുകളിലും റോഡുകളിലും ഗതാഗത തടസ്സമുണ്ടായി.

ഞായറാഴ്ച രാവിലെ മുതൽ വൈകീട്ടുവരെ പ്രധാന റോഡുകളിലും ഇടവഴികളിലും പ്രചാരണ വാഹനങ്ങളുടെ പ്രളയമായിരുന്നു. വിവിധ സ്ഥലങ്ങളിലെ മരണവീടുകളിലും സ്ഥാനാർഥികളും പ്രവർത്തകരുമെത്തി. വൈകീട്ട് പടക്കംപൊട്ടിച്ച് പരസ്യപ്രചാരണം അവസാനിപ്പിച്ചു.

എൽ.ഡി.എഫ്. സ്ഥാനാർഥി എം.എസ്. അരുൺ കുമാർ ഞായറാഴ്ച രാവിലെ മാങ്കാംകുഴി മേഖലയിലെ വീടുകളിലെത്തി വോട്ടഭ്യർഥിച്ചു. അതിനുശേഷം തഴക്കര, തെക്കേക്കര, നൂറനാട് പഞ്ചായത്തുകളിൽ വോട്ടുതേടി. റോഡ് ഷോയിലും പങ്കെടുത്തു. മരണവീടുകളിലെത്തി ശവസംസ്‌കാര ചടങ്ങിൽ പങ്കെടുത്തു. എൽ.ഡി.എഫ്. നേതാക്കളായ കെ.രാഘവൻ, ജി.ഹരിശങ്കർ, ആർ.രാജേഷ് എം.എൽ.എ., സി.എസ്. സുജാത, ജി. രാജമ്മ, കെ. ചന്ദ്രനുണ്ണിത്താൻ, കെ. മധുസൂദനൻ, ജേക്കബ് ഉമ്മൻ, ബി. ബിനു തുടങ്ങിയർ നേതൃത്വം നൽകി.

യു.ഡി.എഫ്. സ്ഥാനാർഥി കെ.കെ. ഷാജു ഞായറാഴ്ച നൂറനാട് പഞ്ചായത്തിലെ വീടുകളിൽ വോട്ടഭ്യർഥിച്ച് പ്രചാരണം തുടങ്ങി. വള്ളികുന്നം, പാലമേൽ, പള്ളിമുക്ക്, കുടശ്ശനാട്, തഴക്കര, രാമനല്ലൂർ, കരിമുളയ്ക്കൽ മേഖലകളിലെത്തി വോട്ടുതേടി. മാവേലിക്കരയിലെത്തി വൈദികരെ കണ്ടു. അഞ്ച് മരണവീടുകളിലുമെത്തി. വൈകീട്ട് നൂറനാട് മേഖലയിൽ നടന്ന റോഡ്‌ഷോയിൽ പങ്കെടുത്തു. യു.ഡി.എഫ്. നേതാക്കളായ കെ. സാദിഖ് അലിഖാൻ, കെ.ആർ. മുരളീധരൻ, തോമസ് സി. കുറ്റിശ്ശേരി, അനി വർഗീസ്, കെ. സണ്ണിക്കുട്ടി, കെ. ഗോപൻ, ജി. വേണു, ജി. ഹരിപ്രകാശ്, എം.എസ്. സലാമത്ത് തുടങ്ങിയവർ നേതൃത്വം നൽകി.

എൻ.ഡി.എ. സ്ഥാനാർഥി കെ. സഞ്ചു ഞായറാഴ്ച രാവിലെ ചെട്ടിക്കുളങ്ങരയിലെത്തി ടി.കെ. മാധവൻ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് ആക്കിനാട്ടുകര ക്ഷേത്രപരിസരത്തെ വീടുകളിലെത്തി വോട്ടുതേടി. ചുനക്കര ചന്തയിലും പുതുപ്പള്ളികുന്നത്തും പാലമേൽ പഞ്ചായത്തിലുമെത്തി വോട്ടഭ്യർഥിച്ചു. മരണവീടുകളിലുമെത്തി. വൈകീട്ട് മാവേലിക്കരയിലും ചാരുംമൂട്ടിലും നടന്ന റോഡ്‌ഷോകളിൽ പങ്കെടുത്തു. ബി.ജെ.പി. നേതാക്കളായ കെ.കെ. അനൂപ്, കെ.വി. അരുൺ, ഹരീഷ് കാട്ടൂർ, ബിനു ചാങ്കൂരേത്ത്, മധു ചുനക്കര, വെട്ടിയാർ മണിക്കുട്ടൻ, കെ.ആർ. പ്രദീപ്, പീയൂഷ് ചാരുംമൂട്, വി.എസ്. രാജേഷ് തുടങ്ങിയവർ നേതൃത്വം നൽകി.