ഹരിപ്പാട്: ചെന്നിത്തലയ്ക്ക് ഏറ്റവും വലിയ ഭൂരിപക്ഷം ഇത്തവണ ഉറപ്പാണെന്ന് യു.ഡി.എഫ്. നിയോജകണ്ഡലം ചെയർമാൻ അനിൽ ബി. കളത്തിൽ പറഞ്ഞു. സമൂഹത്തിന്റെ എല്ലാമേഖലകളിൽ നിന്നുമുള്ളവരുടെ പിന്തുണ രമേശ് ചെന്നിത്തലയ്ക്കു ലഭിക്കുന്നു. 10 ഗ്രാമപ്പഞ്ചായത്തുകളിലും ഹരിപ്പാട് നഗരസഭയിലും ചിട്ടയായ പ്രവർത്തനമാണ് യു.ഡി.എഫ്. നടത്തിയത്. ആഭ്യന്തരമന്ത്രി, പ്രതിപക്ഷനേതാവ് എന്നീ നിലകളിൽ രമേശ് ഹരിപ്പാട് നിയോജകണ്ഡലത്തിന്റെ വികസനപ്രവർത്തനങ്ങളിൽ നടത്തിയ ഇടപെടലുകൾ എല്ലാവിഭാഗം ജനങ്ങൾക്കും ബോധ്യമുള്ളതാണ്- അദ്ദേഹം പറഞ്ഞു.

ഹരിപ്പാട്ട് എൽ.ഡി.എഫിന് ഇത്തവണ ചരിത്രവിജയം ലഭിക്കുമെന്ന് എൽ.ഡി.എഫ്. തിരഞ്ഞടുപ്പു കമ്മിറ്റി പ്രസിഡന്റ് എം. സത്യപാലൻ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ വികസന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിയാത്ത ജില്ലയിലെ ഏക മണ്ഡലമാണ് ഹരിപ്പാട്. കിഫ്ബിയുമായി ബന്ധപ്പെട്ട് നിരവധി പദ്ധതികളാണ് ഹരിപ്പാട് നിയോജകണ്ഡലത്തിൽ തുടങ്ങിയത്. എന്നിട്ടും സംസ്ഥാനത്തെ കിഫ്ബി പദ്ധതി നടത്തിപ്പിനു തുരങ്കം വയ്ക്കാനാണ് ഇവിടുത്തെ ജനപ്രതിനിധി ശ്രമിച്ചത്. എൽ.ഡി.എഫ്. സ്ഥാനാർഥി അഡ്വ. ആർ. സജിലാൽ വലിയ വിജയം നേടുമെന്ന് അദ്ദേഹം പറഞ്ഞു.

നല്ല ഭൂരിപക്ഷത്തോടെ ബി.ജെ.പി. സ്ഥാനാർഥി കെ. സോമനു വിജയം ഉറപ്പ‌ാണെന്ന് ബി.ജെ.പി. നിയോജകമണ്ഡലം പ്രസിഡന്റ് കെ.എസ്. വിനോദ് പറഞ്ഞു. എല്ലാ പഞ്ചായത്തുകളിലും ഹരിപ്പാട് നഗരസഭയിലും നല്ലപ്രവർത്തനം കാഴ്ചവയ്ക്കാൻ കഴിഞ്ഞിട്ടുണ്ട്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഹരിപ്പാട്ട് പ്രചാരണത്തിനെത്തിയതു പ്രവർത്തകരിൽ ആവേശം നിറച്ചു. എൽ.ഡി.എഫും യു.ഡി.എഫും തമ്മിലുള്ള വോട്ടുകച്ചവടം ജനങ്ങൾ തിരിച്ചറിഞ്ഞിരിക്കുകയാണ്- അദ്ദേഹം പറഞ്ഞു.