മാവേലിക്കര: വിജയിക്കുമെന്നതിൽ, മാവേലിക്കര നിയോജകമണ്ഡലത്തിലെ എൽ.ഡി.എഫ്., യു.ഡി.എഫ്., എൻ.ഡി.എ. മുന്നണി സ്ഥാനാർഥികളുടെ മുഖ്യചുമതലക്കാർക്ക് ഉറച്ച ആത്മവിശ്വാസമാണ്‌.

മാവേലിക്കര നഗരസഭയിലും ഏഴു പഞ്ചായത്തുകളിലും എൽ.ഡി.എഫ്. സ്ഥാനാർഥി എം.എസ്. അരുൺകുമാർ ലീഡ്ചെയ്യുമെന്ന് തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി കെ. രാഘവൻ പറഞ്ഞു. എൽ.ഡി.എഫ്. സർക്കാരിനോടു ജനങ്ങൾക്കുള്ള മതിപ്പും തുടക്കംമുതൽ പ്രചാരണത്തിൽ നേടിയ മുൻതൂക്കവും തിരഞ്ഞെടുപ്പിൽ തുണയാകും.

അവസാനവട്ട അവലോകനം നടത്തിയിട്ടില്ലെങ്കിലും മാവേലിക്കരയിൽ യു.ഡി.എഫ്. സ്ഥാനാർഥി കെ.കെ. ഷാജു ഉറപ്പായും ജയിക്കുമെന്ന് തിരഞ്ഞെടുപ്പു കമ്മറ്റി ജനറൽകൺവീനർ കെ.ആർ. മുരളീധരൻ പറഞ്ഞു. സ്ഥാനാർഥിയുടെ മികവും പരിചയസമ്പത്തും മണ്ഡലത്തിലുടനീളംനടന്ന യു.ഡി.എഫിന്റെ ചിട്ടയായ പ്രവർത്തനവും വിജയത്തിലേക്കു നയിക്കും.

മാവേലിക്കര നഗരസഭയിലും തഴക്കര, താമരക്കുളം, ചുനക്കര, നൂറനാട് പഞ്ചായത്തുകളിലും എൻ.ഡി.എ. സ്ഥാനാർഥി കെ. സഞ്ചു ലീഡ്നേടുമെന്ന് എൻ.ഡി.എ. തിരഞ്ഞെടുപ്പു കമ്മിറ്റി ജനറൽകൺവീനർ കെ.കെ. അനൂപ് പറഞ്ഞു. തെക്കേക്കര, വള്ളികുന്നം, പാലമേൽ പഞ്ചായത്തുകളിൽ എൽ.ഡി.എഫിനൊപ്പം വോട്ടുനേടും. തദ്ദേശ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിലുണ്ടായ മുന്നേറ്റവും മോദിസർക്കാരിന്റെ ഭരണനേട്ടങ്ങളും വിജയം ഉറപ്പിക്കാൻ കാരണമാണ്.