ആലപ്പുഴ: തിരഞ്ഞെടുപ്പിനു മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, മുൾമുനയിലാണ് ജില്ലയിലെ മുന്നണികൾ. എന്താണ് വോട്ടർമാരുടെ മനസ്സിലെന്ന് ആർക്കും പറയാനാകില്ല. സർക്കാരിന്റെ ക്ഷേമപ്രവർത്തനങ്ങൾ വോട്ടായോ, വിവാദങ്ങൾ സർക്കാരിനെ വീഴ്ത്തുമോ, മൂന്നാം ശക്തിയായി എൻ.ഡി.എ. ഉയർന്നുവരുമോ തുടങ്ങിയ ചോദ്യങ്ങൾക്കെല്ലാം ഉത്തരം ലഭിക്കുന്നതു മേയ് രണ്ടിനാണെങ്കിലും അതിനുള്ള പരീക്ഷയെഴുതുന്നത് ചൊവ്വാഴ്ചയാണ്.

കഴിഞ്ഞതവണ എൽ.ഡി.എഫ്.-8, യു.ഡി.എഫ്.-1 എന്ന നിലയിലായിരുന്നു. അരൂർ ഉപതിരഞ്ഞെടുപ്പു കഴിഞ്ഞപ്പോൾ യു.ഡി.എഫിന് രണ്ടായി. എൽ.ഡി.എഫ്. ഏഴായി കുറഞ്ഞു. രണ്ട്‌ സീറ്റെന്നത് അഞ്ചോ ആറോ ആയി വർധിപ്പിക്കാനാണ് യു.ഡി.എഫ്. ആഞ്ഞുശ്രമിക്കുന്നത്. കൈവിട്ടുപോയ ഒന്നുകൂടി തിരിച്ചുപിടിക്കാൻ എൽ.ഡി.എഫ്. ശ്രമിക്കുന്നു. അട്ടിമറികളാണ് എൻ.ഡി.എ.യുടെ പ്രതീക്ഷ.

പുറമെ കാണുന്നതൊന്നുമായിരിക്കില്ല വോട്ടർമാരുടെ മനസ്സിൽ. രാഷ്ട്രീയനിരീക്ഷകർ അടിയൊഴുക്ക് എന്നുവിശേഷിപ്പിക്കുന്ന പ്രതിഭാസമാണു പലപ്പോഴും വിജയവും തോൽവിയും കൊണ്ടുവരുന്നത്. ബഹുഭൂരിപക്ഷം വോട്ടർമാരും ആർക്കു വോട്ടുചെയ്യണമെന്നു തീരുമാനിച്ചിട്ടുണ്ടെന്ന് പ്രതികരണങ്ങളിൽനിന്നു വ്യക്തം. ചാഞ്ചാടിനിൽക്കുന്നവരാണു പലപ്പോഴും വിധിനിർണയിക്കുക.

സ്ഥാനാർഥിയുടെ പ്രതിച്ഛായ, പ്രവർത്തനങ്ങൾ, സിറ്റിങ് എം.എൽ.എ.മാരുടെ മണ്ഡലത്തിലെ പ്രകടനം, ജാതിമത സമവാക്യങ്ങൾ, മുന്നണികളുടെ താഴെത്തട്ടിലുള്ള പ്രവർത്തനം, കാതോടുകാതോരം പായുന്ന മർമരങ്ങൾ തുടങ്ങി എന്തും വിജയഘടകമാകാം. ഉറപ്പായും ജയിക്കുമെന്ന തോന്നലുണ്ടാക്കുന്നതുപോലും ഗുണവും ദോഷവുമാകും. ജയിക്കുന്ന സ്ഥാനാർഥിക്ക് വോട്ടുചെയ്യുന്നവരുണ്ട്. എതിർവശത്ത് ധ്രുവീകരണത്തിനും ഇതുകാരണമാകാം.

എന്തായാലും ഒരു കാര്യമുറപ്പാണ്. ഇക്കുറി അനായാസമായി ജയിച്ചുകയറാവുന്ന മണ്ഡലങ്ങളില്ല. എല്ലാം പൊരുതിനേടേണ്ടിവരും. പ്രചാരണരംഗം പൊതുവെ ശാന്തമായിരുന്നതാണ് ആശ്വാസമായ കാര്യം.

വികസനം, വിവാദം, മാറ്റം

സർക്കാരിന്റെ വികസന-ക്ഷേമപ്രവർത്തനങ്ങളായിരുന്നു എൽ.ഡി.എഫ്. പ്രചാരണത്തിന്റെ മുഖ്യ ആയുധം. ഓരോ മണ്ഡലത്തിലും നടത്തിയ വികസനപ്രവർത്തനങ്ങൾ എണ്ണിയെണ്ണിക്കാണിച്ച് പ്രാദേശികമായി നോട്ടീസുകളും ലഘുലേഖകളുമിറങ്ങി. ഇവയെല്ലാം വീടുകളിലെത്തിച്ചും കുടുംബയോഗങ്ങളിൽ വിശദീകരിച്ചും എൽ.ഡി.എഫ്. കളംനിറഞ്ഞു.

മന്ത്രിമാരായ ജി. സുധാകരനും തോമസ് ഐസക്കും പി. തിലോത്തമനും നിരവധി കുടുംബയോഗങ്ങളിൽ പങ്കെടുത്തു. മത്സരിക്കുന്നില്ലെങ്കിലും മുന്നണി ജയിക്കുമെന്ന അന്തരീക്ഷം സൃഷ്ടിക്കേണ്ടത് അവരുടെയും ആവശ്യമായി. സാധാരണക്കാർക്കു സമാനതകളില്ലാത്ത സഹായം നൽകിയെന്നും എൽ.ഡി.എഫ്. ചൂണ്ടിക്കാട്ടുന്നു. ഇതെല്ലാമാണ് എൽ.ഡി.എഫ്. വിജയഘടകങ്ങളായി എണ്ണുന്നത്.

സർക്കാരിനെതിരേ അടുത്തകാലത്തുണ്ടായ വിവാദങ്ങളായിരുന്നു യു.ഡി.എഫിന്റെ തുറുപ്പുചീട്ട്. ആഴക്കടൽ മത്സ്യബന്ധനക്കരാർ, ഇരട്ടവോട്ട് തുടങ്ങിയ വിവാദങ്ങൾ സർക്കാരിനെ പിന്നോട്ടടിച്ചുവെന്ന് അവർ കരുതുന്നു. മത്സ്യബന്ധനക്കരാർ വിവാദം തീരദേശമേഖലകളിൽ വലിയ മാറ്റമുണ്ടാക്കുമെന്നാണ് യു.ഡി.എഫിന്റെ വിശ്വാസം.

രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി തുടങ്ങിയവരുടെ പ്രചാരണം ഏറ്റുവെന്നും ഇതു വലിയവിജയം കൊണ്ടുവരുമെന്നുമാണ് അവർ പ്രതീക്ഷിക്കുന്നത്. ജില്ലയിൽ പലതവണ ക്യാമ്പുചെയ്ത് കെ.സി. വേണുഗോപാൽ തന്ത്രങ്ങളാവിഷ്കരിക്കുകയും ചെയ്തു.

ഇടതു-വലതുമുന്നണികൾക്കെതിരേ വലിയ തരംഗം സൃഷ്ടിക്കാൻ കഴിഞ്ഞുവെന്നാണ് എൻ.ഡി.എ.യുടെ വിശ്വാസം. കമ്യൂണിസ്റ്റു പാർട്ടികളിൽനിന്ന് മൂന്നുപേരെ അടർത്തിയെടുത്ത് സ്ഥാനാർഥിയാക്കിയാണ് അവർ ആദ്യം ഞെട്ടിച്ചത്. ആലപ്പുഴയുടെ സ്ഥാനാർഥി സന്ദീപ് വാചസ്പതി പുന്നപ്ര വയലാർ സ്മാരകത്തിൽ കയറി പുഷ്പാർച്ചന നടത്തിയത് വിവാദമാകുകയും ചെയ്തു. മാറ്റത്തിനാണ് അവർ വോട്ടുചോദിക്കുന്നത്. ജില്ലയിൽ അട്ടിമറി എൻ.ഡി.എ. പ്രതീക്ഷിക്കുന്നുണ്ട്.