ആലപ്പുഴ: തന്ത്രങ്ങളും അടവുകളും പയറ്റി എതിരാളിയെ തറപറ്റിച്ച് വിജയകിരീടം അണിയാനുള്ള വാശിയേറിയ പോരാട്ടത്തിന്റെ അവസാനഘട്ടത്തിലാണ് ഓരോ മുന്നണിയും. വിജയത്തിൽ കുറഞ്ഞതൊന്നും അവരുടെ ലക്ഷ്യമല്ല.

വീറും വാശിയുംനിറഞ്ഞ പ്രചാരണമാണ് മുന്നണികൾ നടത്തിയത്. ജനാധിപത്യത്തിന്റെ ഈ മാമാങ്കത്തിൽ മൂന്നു മുന്നണികളും മികച്ച പ്രചാരണമാണ് ഒൻപതു നിയമസഭാ മണ്ഡലങ്ങളിലും കാഴ്ചവെച്ചത്. ഇനി ജനമനസ്സ് വോട്ടായി മാറുകയേ വേണ്ടൂ.

വിജയപ്രതീക്ഷയിലാണ് മൂന്നു മുന്നണികളും. എൽ.ഡി.എഫ്., യു.ഡി.എഫ്., എൻ.ഡി.എ. എന്നിവയുടെ തിരഞ്ഞെടുപ്പു പ്രചാരണത്തിന് ചുക്കാൻപിടിക്കുന്ന നേതാക്കൾ അവരുടെ വിജയപ്രതീക്ഷയെപ്പറ്റി വിലയിരുത്തുന്നു.

എല്ലായിടത്തും വിജയിക്കും

ജില്ലയിലെ ഒൻപതു നിയോജകമണ്ഡലങ്ങളിലും എൽ.ഡി.എഫ്. സ്ഥാനാർഥികൾ മെച്ചപ്പെട്ട ഭൂരിപക്ഷത്തോടെ വിജയിക്കും. എൽഡി.എഫ്. സർക്കാർ വീണ്ടും അധികാരത്തിലേറണമെന്നാണ് ജനങ്ങളുടെ ആഗ്രഹം. സർക്കാരിനോടുള്ള ജനങ്ങളുടെ സ്നേഹം വോട്ടായി മാറും. ഇത് അട്ടിമറിക്കാൻ യു.ഡി.എഫ്.-ബി.ജെ.പി. ധാരണകൾ പലയിടത്തും രൂപപ്പെട്ടിട്ടുണ്ട്. ഇതിനെയെല്ലാം അതിജീവിച്ച് എൽ.ഡി.എഫ്. എല്ലായിടത്തും വിജയിക്കും.

-ആർ. നാസർ

എൽ.ഡി.എഫ്. ജില്ലാ കൺവീനർ

ആറിടത്ത് വിജയം ഉറപ്പ്

ജില്ലയിൽ എല്ലാ നിയോജകമണ്ഡലങ്ങളിലും യു.ഡി.എഫ്. സ്ഥാനാർഥികൾക്ക്‌ നല്ല വിജയസാധ്യതയുണ്ട്. ഏറ്റവും കുറഞ്ഞത് ആറുസീറ്റിൽ വിജയം ഉറപ്പാണ്. സ്ഥാനാർഥി നിർണയം മുതൽ ഇതുവരെ നടത്തിയ ഒറ്റക്കെട്ടായും ചിട്ടയോടെയുമുള്ള പ്രവർത്തനം മുന്നണിയുടെ വിജയസാധ്യത ഉയർത്തുന്നു. ശബരിമല വിഷയത്തിൽ വിശ്വാസികൾക്കൊപ്പംനിന്നതും യു.ഡി.എഫിന് ഗുണകരമാകും.

-സി.കെ. ഷാജിമോഹൻ

യു.ഡി.എഫ്. ജില്ലാ ചെയർമാൻ

രണ്ടിൽ കുറയാതെ എം.എൽ.എ.മാരുണ്ടാകും

ഇക്കുറി രണ്ടിൽ കുറയാതെ എം.എൽ.എ.മാർ ജില്ലയിൽനിന്ന് എൻ.ഡി.എ.യ്ക്കുണ്ടാകും. മുന്നണി വൻമുന്നേറ്റമാണ് കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്. യു.ഡി.എഫ്.-എൽ.ഡി.എഫ് വിരുദ്ധ വികാരം എൻ.ഡി.എ.യ്ക്ക് അനുകൂലമാകും. കേന്ദ്രത്തിലെ മോദി സർക്കാരിന്റെ ഒട്ടേറെ പദ്ധതികളാണ് ജനങ്ങളിലേക്കെത്തിയിട്ടുള്ളത്. ഇത്തരം ഭരണനേട്ടങ്ങൾ എല്ലാ നിയോജകമണ്ഡലത്തിലും ജനങ്ങളുടെ വോട്ടിൽ പ്രതിഫലിക്കും. ഇത് മുന്നണിക്ക് ഏറെ ഗുണം ചെയ്യും

-പി.കെ. വാസുദേവൻ,

എൻ.ഡി.എ. ജില്ലാ ഇലക്‌ഷൻ ഇൻചാർജ്.