കാസർകോട്: കേരളത്തിൽ കൂടുതൽ കോവിഡ്-19 രോഗികൾ കഴിയുന്ന കാസർകോട് ജനറൽ ആസ്പത്രിമുറ്റം. ശനിയാഴ്ച, പതിവ് തിരക്കുകളില്ല. പ്രധാന കവാടത്തിൽ നിന്ന് മീറ്ററുകൾ അകലെ പ്രാഥമിക കോവിഡ് സ്‌ക്രീനിങ്‌ നടത്തുന്ന ഹെൽപ്പ്‌ ഡെസ്‌ക്ക്‌. സാമൂഹിക അകലം പാലിച്ചുള്ള കസേരകളിൽ ഊഴംകാത്ത് ആശങ്കപ്പെട്ടിരിക്കുന്നവർ. മാസ്‌ക്കോ തൂവാലയോ കൊണ്ട് മുഖം മറച്ചിട്ടുണ്ട് എല്ലാവരും. പൊതുവെ മ്ലാനമാണ് പരിസരം.

പെട്ടെന്ന് മൈക്ക് ശബ്ദിച്ചു: “പ്രിയപ്പെട്ടവരേ, ഒരു സന്തോഷവാർത്ത. നമ്മുടെ ആസ്പത്രിയിൽ കോവിഡ് ചികിത്സയിൽ കഴഞ്ഞിരുന്ന മൂന്നുപേർ സുഖപ്പെട്ടിരിക്കുന്നു. അവർ ആസ്പത്രിവിടുകയാണ്.” സ്വിച്ചിട്ടതുപോലെ അന്തരീക്ഷത്തിന് ജീവൻ കൈവന്നു. മാസ്‌ക്ക്‌ ധരിച്ച ആരോഗ്യപ്രവർത്തകർ തലങ്ങും വിലങ്ങും പാഞ്ഞു. കവാടത്തിലേക്ക് ഡോക്ടർമാരും നഴ്‌സുമാരും മറ്റുജീവനക്കാരുമെത്തി. അല്പം കഴിഞ്ഞ് കെട്ടിടത്തിന്റെ ഇടതുവശത്തുകൂടി മഞ്ഞ പോളിത്തീൻ ബാഗേന്തി രണ്ടുചെറുപ്പക്കാർ കടന്നുവന്നു. രോഗമുക്തരായ ഉദുമ നാലാംവാതുക്കലെ എൻ.എച്ച്. സുഹൈലും (31), അണങ്കൂർ തുരുത്തിയിലെ ടി.എ.ഇയാസും (27) ആണ്. മൂന്നാമൻ തളങ്കര പള്ളിക്കാലിലെ അബ്ദുൾ ഗഫൂർ എന്ന അമ്പത്തിനാലുകാരൻ കഴിഞ്ഞ രാത്രിതന്നെ ആസ്പത്രി വിട്ടിരുന്നു.

നൂറിലേറെ കോവിഡ് രോഗികളുള്ള ജനറൽ ആസ്പത്രിയിൽനിന്ന് അസുഖം മാറിയ ആദ്യരോഗികളായിരുന്നു ഇവർ. പരിചരണവുമായി രാപകലില്ലാതെ ഓടിനടക്കുന്ന ഡോക്ടർമാരുടെയും ജീവനക്കാരുടെയും മുഖത്ത് ചെറുതല്ലാത്ത ആശ്വാസം. സുഹൈലിനെയും ഇയാസിനെയും നിറഞ്ഞ ചിരിയോടെ ആരോഗ്യപ്രവർത്തകർ കവാടത്തിൽ ഒരുക്കിയ കസേരയിൽ ഇരുത്തി. ഡോക്ടർമാർ ഒന്നോ രണ്ടോ മിനിറ്റുനീളുന്ന ക്ലാസെടുത്തു, വീട്ടിൽ ചെന്നാൽ എടുക്കേണ്ട മുൻകരുതലുകളെപ്പറ്റി. ചികിത്സകളോട് രോഗികൾ സഹകരിച്ചതുകൊണ്ടുണ്ടായ ഫലത്തെപ്പറ്റിയും പരാമർശിച്ചു. എല്ലാത്തിനും നന്ദിപറഞ്ഞ് കൈകൂപ്പിനിന്നു സുഹൈലും ഇയാസും. ആസ്പത്രിരേഖകളിൽ ഒപ്പിടുവിച്ച്, പാലിക്കേണ്ട ചിട്ടകളെക്കുറിച്ചുള്ള രേഖകൾ കൈമാറി ഇരുവരെയും ജീവനക്കാർ യാത്രയാക്കി. സാമൂഹിക അകലം പാലിച്ച്, എല്ലാവർക്കുമൊപ്പം സെൽഫിയെടുത്താണ് ഇവർ ആംബുലൻസിലേക്ക് പ്രവേശിച്ചത്.

ഡോ. എം.കുഞ്ഞിരാമൻ, ഡോ. പി.കൃഷ്ണനായിക്, ഡോ. സി.എച്ച്. ജനാർദന നായിക്, ഡോ. കെ.അപർണ, ഡോ. സുനിൽചന്ദ്രൻ, നഴ്‌സിങ്‌ സൂപ്രണ്ട് സ്‌നിഷി, ഹെഡ് നഴ്‌സുമാരായ മിനി വിൻസന്റ്, സുധ ജോൺ, സ്റ്റാഫ് നഴ്‌സ് സലീം, ഡയറ്റീഷ്യൻ ഉദൈഫ് എന്നിവരായിരുന്നു ചികിത്സാ സംഘത്തിൽ.