തിരുവനന്തപുരം: കൊറോണബാധയ്ക്കു കാരണമായ വൈറസിനെക്കുറിച്ചുള്ള വിവരശേഖരണത്തിന് നിർമിതബുദ്ധി ഉപയോഗിക്കാൻ കഴിയുന്ന ജി.എ.എൻ. (ജനറേറ്റീവ് അഡ്‌വേഴ്സറിയൽ നെറ്റ് വർക്ക്)നു വേണ്ടിയുള്ള സങ്കീർണമായ അനലോഗ് സർക്യൂട്ടുകൾ വികസിപ്പിച്ചു. തിരുവനന്തപുരത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി ആൻഡ് മാനേജ്‌മെന്റ്‌ കേരള (ഐ.ഐ.ഐ.ടി.എം.കെ.) ജർമൻ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണിതു വികസിപ്പിച്ചത്.

ഐ.ഐ.ഐ.ടി.എം.കെ.യുടെ കീഴിലുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ന്യൂറോമോർഫിക് സിസ്റ്റംസ് സെന്ററിലായിരുന്നു ഗവേഷണം. കൊറോണവൈറസിന്റെ ഘടനയടക്കമുള്ള വിവരങ്ങൾ നിർമിതബുദ്ധിയിലൂടെ കണ്ടുപിടിച്ച് വിലയിരുത്തി രൂപപ്പെടുത്താനുള്ള ഗവേഷണം ലോകമെങ്ങും നടക്കുന്നുണ്ട്. ഇതിനായി ജി.എ.എൻ. എന്ന ന്യൂറൽ നെറ്റ്‌വർക്ക് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.

മനുഷ്യന്റെ തലച്ചോറിനു സമാനമായ ന്യൂറൽ നെറ്റ്‌വർക്കുകൾ വികസിപ്പിക്കാനാണ് നിർമിതബുദ്ധിയിലൂടെ ശാസ്ത്രജ്ഞരും സാങ്കേതികവിദഗ്ധരും ശ്രമിക്കുന്നത്. ഇതുപയോഗിച്ച് ജി.എ.എന്നിലൂടെ വ്യക്തികളുടേതിനു സമാനമായ ശബ്ദങ്ങളും ദൃശ്യങ്ങളും ഇപ്പോൾ സൃഷ്ടിക്കുന്നുണ്ട്.

വൈറസ് ഘടനയ്ക്കു സമാനമായ പുതിയ തന്മാത്രാ ഘടനകൾ സൃഷ്ടിച്ച് വൈറസിലെ പ്രോട്ടീനുകളുമായി പ്രതിപ്രവർത്തനം നടത്താനാണ് ഇപ്പോൾ ശ്രമം. ഗവേഷണത്തിൽ ജി.എ.എന്നിനുവേണ്ടി നിർമിത ബുദ്ധിയിലധിഷ്ഠിതമായ അനലോഗ് ഇന്റഗ്രേറ്റഡ് സർക്യൂട്ടുകളാണ് യാഥാർഥ്യത്തിലെത്തിയതെന്ന് സ്കൂൾ ഓഫ് ഇലക്‌ട്രോണിക്സ് പ്രൊഫസറായ ഡോ. എ.പി. ജെയിംസ് പറഞ്ഞു.