തൃശ്ശൂർ: കരുവന്നൂർബാങ്ക് തട്ടിപ്പുകേസിൽ നിലവിലുണ്ടായിരുന്ന ഭരണസമിതിയിലെ അംഗങ്ങളെ പ്രതികളാക്കിയ ക്രൈംബ്രാഞ്ച് മുൻ ഭരണസമിതി അംഗങ്ങളെയും പ്രതികളാക്കിയേക്കും. ഇതോടൊപ്പം തട്ടിപ്പുനടന്ന കാലത്ത് ബാങ്കിന്റെ ചുമതലയുണ്ടായിരുന്ന സഹകരണവകുപ്പ് ജീവനക്കാരെ പ്രതിചേർക്കുന്ന കാര്യവും ആലോചിക്കുന്നുണ്ട്. 16 ജീവനക്കാരെ സഹകരണവകുപ്പ് സസ്‌പെൻഡ്‌ ചെയ്തിരുന്നു.

2012 മുതലാണ് കരുവന്നൂർ സഹകരണബാങ്കിൽ തട്ടിപ്പുതുടങ്ങിയത്. അന്നത്തെ ഭരണസമിതി തട്ടിപ്പിന് കൂട്ടുനിന്നതോടെയാണ് ക്രമക്കേട് 300 കോടിയിലേക്കെത്തി ബാങ്കിന്റെ നിലനിൽപ്പ്‌ പ്രതിസന്ധിയിലായത്. തട്ടിപ്പ് ചൂണ്ടിക്കാണിച്ച ജീവനക്കാരെ ഭരണസമിതി പുറത്താക്കുകയും ചെയ്തു. ഇത് തട്ടിപ്പിനു കൂട്ടുനിന്നതിന് തുല്യമാണ്.

2012-ലെ ഭരണസമിതിയിലെ ആറുപേർ നിലവിൽ േകസ് രജിസ്റ്റർചെയ്യപ്പെട്ട ഭരണസമിതിയിൽ അംഗങ്ങളാണ്. 13 അംഗ ഭരണസമിതിയിലെ ബാക്കി അംഗങ്ങളെയും പ്രതിചേർക്കുന്ന കാര്യമാണ് ക്രൈംബ്രാഞ്ച് ആലോചിക്കുന്നത്. ഇതിലേക്ക് തെളിവ് കിട്ടുന്നതിനായി ബാങ്കിൽനിന്ന് പിരിച്ചുവിടപ്പെട്ടവരെയും ക്രമക്കേടുസംബന്ധിച്ച് അന്ന് പരാതി നൽകിയവരെയും ക്രൈംബ്രാഞ്ച് വിളിപ്പിച്ചിട്ടുണ്ട്. ബാങ്കിലെ തട്ടിപ്പ് ശ്രദ്ധയിൽപ്പെട്ട് സഹകരണവകുപ്പിന് വിവരം നൽകിയിട്ടും നടപടിയുണ്ടാകാത്തതിൽ പ്രതിഷേധിച്ച് ജോലി രാജിവെച്ചയാളിൽനിന്നും വിവരം ശേഖരിക്കും.

ക്രമക്കേട് സംബന്ധിച്ച് നിരവധി പരാതി കിട്ടിയിട്ടും അത് വേണ്ടവിധം റിപ്പോർട്ട് ചെയ്യപ്പെടാതിരിക്കുകയും തട്ടിപ്പുകാർക്ക് ഒത്താശചെയ്യുകയും ചെയ്ത സഹകരണ വകുപ്പ് ജീവനക്കാരുണ്ടെന്ന് ആരോപണമുയർന്നിരുന്നു. ഇവരെയും തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രതിചേർത്തേക്കും.