ഇരിങ്ങാലക്കുട: സിറോ മലബാർസഭയിലെ കുർബാനക്രമം പുതുക്കിയ സിനഡ് തീരുമാനത്തിനെതിരേ ഇരിങ്ങാലക്കുട രൂപതയും രംഗത്ത്. സിനഡ് തീരുമാനങ്ങൾ വിശദീകരിക്കാൻ നൽകിയിരിക്കുന്ന ഇടയലേഖനത്തിൽ വസ്തുതാപരമായ പിഴവുകളുള്ളതിനാൽ ഞായറാഴ്ച രൂപതയിലെ പള്ളികളിൽ വായിക്കാൻ സാധ്യതയില്ലെന്ന് വൈദികർ പറഞ്ഞു. കാനോനിക നിയമമനുസരിച്ച് ഇടയലേഖനം പുനഃപരിശോധിക്കാൻ മേജർ ആർച്ച് ബിഷപ്പിന് രേഖാമൂലം പരാതി നൽകുമെന്ന് ഇരിങ്ങാലക്കുട രൂപത ലിറ്റർജിക്കൽ ആക്ഷൻ കമ്മിറ്റി കൺവീനർ ഫാ. ജോൺ കവലക്കാട്ട് പറഞ്ഞു. സിനഡ് തീരുമാനത്തിനെതിരേ രൂപതയിലെ വൈദികപ്രതിനിധികൾ ബിഷപ്പ് മാർ പോളി കണ്ണൂക്കാടനെ കണ്ടശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“പൂർണമായ ജനാഭിമുഖ കുർബാനയ്ക്ക് വിരുദ്ധമായ സിനഡ് തീരുമാനം ഏകപക്ഷീയവും അസ്വീകാര്യവും നിരാശാജനകവുമാണ്. ആവശ്യമെങ്കിൽ സിനഡിന്റെ സുപ്പീരിയർ ട്രൈബ്യൂണലിലേക്കും വത്തിക്കാനിലേക്കും അപ്പീൽ പോകും. സഭയുടെ സിനഡിന് ആരാധനക്രമത്തിൽ തീരുമാനമെടുക്കാൻ പൂർണാധികാരം ഉണ്ടെന്നിരിക്കേ, മാർപാപ്പയുടെ കത്തിന്റെ അടിസ്ഥാനത്തിൽ തീരുമാനമെടുത്ത വക്രബുദ്ധിയെ അംഗീകരിക്കാനാകില്ല. ദൈവജനാഭിമുഖ ബലിയർപ്പണരീതിയല്ലാതെ മറ്റൊന്നും ഇരിങ്ങാലക്കുട രൂപത സ്വീകരിക്കില്ല. ഐക്യം തകർക്കുന്നവിധത്തിൽ ഐകരൂപ്യം അടിച്ചേൽപ്പിക്കരുതെന്ന മാർപാപ്പയുടെയും അപ്പസ്‌തോലിക് ന്യുൺഷ്യോയുടെയും ആഹ്വാനവും സിനഡ് തമസ്കരിച്ചു.’’-വൈദികർ പറഞ്ഞു.

ഫാ. ജോസ് പാലാട്ടി, ഫാ. ജോസ് പന്തല്ലൂക്കാരൻ, ഫാ. ജോർജ് പാലമറ്റം, ഫാ. ജോയ് കടമ്പാട്ട്, ഫാ. പിയൂസ് ചിറപ്പണത്ത്, ഫാ. ആന്റണി മുക്കാട്ടുകരക്കാരൻ, ഫാ. ജെയ്‌സൻ കരിപ്പായി എന്നിവരും ബിഷപ്പിനെ കാണാനെത്തിയിരുന്നു.

മാർപാപ്പയെ തെറ്റിദ്ധരിപ്പിച്ചെടുത്ത തീരുമാനം-തൃശ്ശൂർ അതിരൂപത വൈദികർ

കുർബാനക്രമം പുതുക്കാനുള്ള തീരുമാനം സിനഡ് മാർപാപ്പയെ തെറ്റിദ്ധരിപ്പിച്ചെടുത്തതെന്ന് പുതുക്കിയ കുർബാന അർപ്പണരീതിയെ എതിർക്കുന്ന തൃശ്ശൂർ അതിരൂപതയിലെ വൈദികർ. രണ്ടായിരത്തിൽ ഐകകണ്ഠ്യേനയെടുത്തതെന്ന തരത്തിലാണ് സിനഡ് തീരുമാനങ്ങൾ മാർപാപ്പയെ ധരിപ്പിച്ചതെന്ന് മുതിർന്ന വൈദികൻ ആരോപിച്ചു.

എന്നാൽ, ഇരുപത്തഞ്ച് മെത്രാന്മാർ വിയോജിച്ചിരുന്നുവെന്ന് ഈ സിനഡ് തെളിയിച്ചു. മാർപാപ്പയെ പറഞ്ഞുവിശ്വസിപ്പിക്കാൻ തക്ക രേഖ ചമയ്ക്കുകയായിരുന്നു. 52 ലക്ഷത്തോളം വരുന്ന വിശ്വാസികളുടെയും അഭിപ്രായം ആരാഞ്ഞിട്ടില്ല. സിനഡോടുകൂടി സഭ ഭിന്നിച്ചുതകരുകയാണ്. ഐകരൂപ്യത്തിന്റെ പേരിൽ സഭ ഭിന്നിച്ചാൽ മേജർ ആർച്ച് ബിഷപ്പും മാർപാപ്പയും അതിന് കാരണക്കാരായിത്തീരുമെന്നും വൈദികർ ചൂണ്ടിക്കാട്ടി.