കണ്ണൂർ: പാർട്ടി തനിക്കുതന്ന സ്ഥാനത്ത് താൻ മിടുക്കനാണെന്നും വലിയ പദവി വേണ്ടെന്നും സുരേഷ്‌ഗോപി എം.പി. കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എനിക്കിപ്പോഴുള്ള ആ റോളിൽ ഞാൻ വളരുന്നുണ്ട്. അല്ലാതെ സംസ്ഥാനാധ്യക്ഷ പദവിയിലേക്ക് ഞാനില്ല. ജനക്കൂട്ടത്തെ ആകർഷിച്ചതുകൊണ്ടുമാത്രം കാര്യമില്ല. അധ്യക്ഷപദവിയിലേക്കു വരാൻ സാങ്കേതികമായി പാരമ്പര്യവും കഴിവുമുള്ളവർ പാർട്ടിയിലുണ്ട്. അവർ നോക്കിക്കൊള്ളും.

ഇടഞ്ഞുനിൽക്കുന്ന നേതാവ് പി.പി.മുകുന്ദനെ കണ്ടതായും സുരേഷ്‌ഗോപി വ്യക്തമാക്കി. മുകുന്ദനുമായി 1990 മുതലുള്ള ബന്ധമാണ്. അതിപ്പോഴും തുടരുന്നു. കണ്ണൂരിൽ വന്നാൽ അവിടെപ്പോകും. ഇത്തവണയും പോയി. പോയത് രാഷ്ട്രീയം സംസാരിക്കാനല്ല -അദ്ദേഹം പറഞ്ഞു.