പേരാവൂർ: ചിട്ടിപ്പണം തട്ടിപ്പിനെത്തുടർന്ന് വിവാദത്തിലായ പേരാവൂർ സഹകരണ ഹൗസ് ബിൽഡിങ് സൊസൈറ്റിയുടെ ഓഫീസ് അർധരാത്രിയിൽ തുറന്ന് ഫയലുകൾ കടത്താൻ സെക്രട്ടറിയുടെ ശ്രമം. ശനിയാഴ്ച രാത്രി 11-ഒാടെയാണ് സംഭവം. വിവരമറിഞ്ഞെത്തിയ പേരാവൂർ പോലീസ് സൊസൈറ്റി സെക്രട്ടറി പി.വി.ഹരിദാസിനെ കസ്റ്റഡിയിലെടുത്തു.

സഞ്ചിയിലാക്കി കടത്താൻ ശ്രമിച്ച രേഖകളും പോലീസ് പിടിച്ചെടുത്തു. സൊസൈറ്റിയിലെ മറ്റൊരു ജീവനക്കാരിയെ രാത്രിയിൽ സ്റ്റേഷനിൽ വിളിച്ചുവരുത്തി രേഖകൾ പരിശോധിച്ചു. സി.പി.എം. നിയന്ത്രണത്തിലുള്ള ഭരണസമിതിയുടെ പഴയ മിനുട്‌സ്‌ ബുക്കുകളും മറ്റ് രേഖകളുമാണ് ബാഗിലുണ്ടായിരുന്നതെന്ന് പോലീസ് പറഞ്ഞു.

കടത്താൻ ശ്രമിച്ച രേഖകളും സൊസൈറ്റിയുടെ താക്കോലും ജീവനക്കാരിയുടെ കൈവശം സൂക്ഷിക്കാൻ നൽകി. തിങ്കളാഴ്ച പ്രവൃത്തി സമയത്ത് മാത്രമേ സൊസൈറ്റി തുറക്കാവൂയെന്ന നിർദേശത്തിലാണ് താക്കോൽ ജീവനക്കാരിക്ക് നൽകിയത്. പരാതിയില്ലാത്തതിനാൽ സെക്രട്ടറിയെ പോലീസ് പിന്നീട് വിട്ടയച്ചു.

സൊസൈറ്റിയിലെ ക്രമക്കേടുകളെക്കുറിച്ച് സഹകരണവകുപ്പ് അന്വേഷിക്കുന്നുണ്ട്. ഇതിനിടയിലാണ് അനധികൃതമായി അർധരാത്രിയിൽ സൊസൈറ്റി തുറന്ന് രേഖകൾ കടത്തിക്കൊണ്ടുപോകാൻ സെക്രട്ടറി ശ്രമിച്ചതെന്ന് ഇടപാടുകാർ ആരോപിച്ചു. കോടികളുടെ വെട്ടിപ്പ് നടന്ന സൊസൈറ്റിയുടെ ഒാഫീസ് രാത്രിയിൽ തുറന്ന് രേഖകൾ കടത്താൻ ശ്രമിച്ച സെക്രട്ടറിയെ കസ്റ്റഡിയിലെടുത്തിട്ടും കേസെടുക്കാതിരുന്നത് വിവാദമായിട്ടുണ്ട്.