മുള്ളേരിയ: റോഡിന്‌ കുറുകെ ചാടിയ കാട്ടുപന്നിയെ ഇടിച്ച് സ്കൂട്ടർ മറിഞ്ഞ്‌ പരിക്കേറ്റ കർഷകൻ മരിച്ചു. കാറഡുക്ക കാവുങ്കാലിലെ പുക്ളോത്ത് കുഞ്ഞമ്പു നായർ (66) ആണ്‌ മരിച്ചത്. കാറഡുക്ക കർമൻതോടി സർവീസ് സെൻററിനുസമീപം ശനിയാഴ്ച രാവിലെ ഏഴോടെയാണ് അപകടം.

സ്കൂട്ടറിൽ മുള്ളേരിയ ടൗണിൽ പോയി വീട്ടിലേക്ക് തിരിച്ചുവരവെ പന്നിക്കൂട്ടം കുറുകെ ചാടുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഒരു പന്നി ചത്തു. കുഞ്ഞമ്പുവിനെ ഉടൻ മുള്ളേരിയ സഹകരണ ആസ്പത്രിയിലെത്തിച്ചു. പിന്നീട് മംഗളൂരുവിലെ ആസ്പത്രിയിലേക്ക് മാറ്റിയെങ്കിലും വൈകുന്നേരത്തോടെ മരിച്ചു.

ഭാര്യ: രമണി. മക്കൾ: ചന്ദ്രലേഖ, ശ്രീലേഖ, വിഷ്ണു. മരുമക്കൾ: അജിത്ത് കുമാർ, അനീഷ്. സഹോദരങ്ങൾ: ഗൗരി, പങ്കജാക്ഷി, ഗീത, ശ്യാമള, കുഞ്ഞിരാമൻ, ഗോപി.