കൊച്ചി: മോൻസൺ മാവുങ്കലിന് കീഴിൽ പ്രവർത്തിക്കുന്നുവെന്ന് പറയുന്ന ‘കലിംഗ കല്യാൺ ഫൗണ്ടേഷൻ’ അടക്കമുള്ള കമ്പനികൾക്കെതിരേ അന്വേഷണം. ‘കലിംഗ കല്യാൺ ഫൗണ്ടേഷൻ’, ‘കോസ്‌മോസ് ഗ്രൂപ്പ്’, ‘മോൻസൺ എഡിഷൻ’ എന്നീ കമ്പനികൾക്കെതിരേയാണ് അന്വേഷണം. ഇവയെല്ലാം മോൻസൺ തട്ടിപ്പിനായി രൂപവത്കരിച്ച കമ്പനികൾ ആണെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം.

ചില പരിപാടികൾ മോൻസൺ എഡിഷൻ സ്പോൺസർ ചെയ്തിരുന്നു. അങ്ങനെ ഈ കമ്പനി വലിയ സംഭവമാണെന്ന് വരുത്തിത്തീർത്തശേഷം ഇതിൽ പങ്കാളിത്തം വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം വാങ്ങിയതായി സൂചനയുണ്ട്. ’മോൻസൺ എഡിഷൻ’ കമ്പനിയിൽ പങ്കാളിയാക്കാം എന്ന് പരാതിക്കാരനായ യാക്കൂബ് പുറായിലിനും മോൻസൺ ഉറപ്പു നൽകിയിരുന്നു.

കോസ്‌മോസ് ഗ്രൂപ്പിന് കീഴിൽ വിവിധ സാമൂഹിക ക്ഷേമ പ്രവർത്തനങ്ങൾ നടക്കുന്നുവെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ, ഈ രണ്ട് കമ്പനികളിലും ആരെല്ലാം പാർട്ണർമാരായി ഉണ്ടെന്ന കാര്യത്തിൽ വ്യക്തതയില്ല. എന്നാൽ, കലിംഗ കല്യാൺ ഫൗണ്ടേഷനുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്.

കലിംഗയുടെ മാനേജിങ് ഡയറക്ടർ എന്നാണ് മോൻസൺ അവകാശപ്പെട്ടിരുന്നത്. ഡൽഹിയിലുള്ള വി.ജെ. പാട്ടീൽ എന്നയാൾ കമ്പനി ചെയർമാനും മംഗലാപുരത്ത്‌ നിന്നുള്ള യശ്വന്ത്, ബെംഗളൂരുവിൽ നിന്നുള്ള ഡോ. റാം, എറണാകുളത്ത്‌ നിന്നുള്ള ഐപ്പ് കോശി എന്നിവർ ഡയറക്ടർമാരുമാണെന്നാണ് മോൻസൺ ആളുകളെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്.

കലിംഗ കല്യാണിന്റെ പാർട്ണർമാരായ ഡോ. റാം, കോശി, യശ്വന്ത്, രാജീവ് എന്നവരുമൊത്ത് ഡയറക്ടർ ബോർഡ് മീറ്റിങ് ചേർന്നതിന്റെ ഫോട്ടോകളും അനുബന്ധ രേഖകളും പ്രതി പരാതിക്കാരെ കാണിക്കുകയും ചെയ്തിരുന്നു. ഇവ കാണിച്ചശേഷം അനൂപ് വി. അഹമ്മദിന് കലിംഗ കല്യാൺ കമ്പനിയുടെ ഡയറക്ടറാക്കാമെന്നും വാഗ്ദാനം നൽകി. കലിംഗയിലെ പാർട്ണർമാരെ കണ്ടെത്തി ചോദ്യംചെയ്യാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.