കൊച്ചി: പാട്ടക്കുടിശിക അടയ്ക്കാത്തതിന് ജില്ലാ കളക്ടർ പ്രസിഡന്റായുള്ള അഗ്രി-ഹോർട്ടിക്കൾച്ചർ സൊസൈറ്റിക്ക് കുടിയിറക്കൽ നോട്ടീസ്. എറണാകുളത്ത് ജില്ലാ കോടതി വളപ്പിലെ ആറു സെന്റിലാണ് സൊസൈറ്റി ഓഫീസും നഴ്‌സറിയും പ്രവർത്തിക്കുന്നത്.

ജി.സി.ഡി.എ., കൊച്ചി നഗരസഭ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥർ അംഗങ്ങളുമായുള്ള സമിതിയാണ് സൊസൈറ്റിയുടെ ചുക്കാൻപിടിക്കുന്നത്. സർക്കാർ ഭൂമിയിൽ പാട്ടത്തിന് പ്രവർത്തിക്കുന്ന കുടിശ്ശികവരുത്തിയ സ്ഥാപനങ്ങളെ ഒഴിപ്പിക്കുന്നതിനുള്ള സർക്കാർ തീരുമാനത്തിന്റെ ഭാഗമായാണ് സൊസൈറ്റിക്കും നോട്ടീസ് ലഭിച്ചത്. 1.6 കോടിയാണ് അടയ്ക്കാനുള്ളത്. വർഷം ആറുലക്ഷം രൂപയാണ് പാട്ടത്തുക. അടിയന്തരമായി സർക്കാർഭൂമി വിട്ട് ഇറങ്ങണമെന്നാണ് നോട്ടീസിലുള്ളത്.

ഹോർട്ടിക്കോർപ്പ് സൊസൈറ്റിക്ക് ഇപ്പോൾ കുടിശ്ശിക തുക അടയ്ക്കുന്നതിനുള്ള സാമ്പത്തികശേഷിയില്ല. കോവിഡ് പ്രതിസന്ധികളുടെയും മറ്റും സാഹചര്യത്തിൽ സൊസൈറ്റിയുടെ വരുമാനവർധനയ്ക്കുള്ള സാധ്യതകളും പെട്ടെന്ന്‌ കാണാനാവില്ല.

1976 മുതൽ പ്രവർത്തിച്ചുവരുന്ന സ്ഥാപനം കൊച്ചി നഗരത്തിന്റെ അഭിമാന പരിപാടിയായ പുഷ്പ-ഫലവൃക്ഷ പ്രദർശനത്തിന്റെ സംഘാടകരാണ്. നഗരത്തിലെ ആദ്യകാല നഴ്‌സറിയും സൊസൈറ്റിയുടേതാണ്. ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി നഴ്‌സറിയിലൂടെ വളവും വിത്തുമെല്ലാം കുറഞ്ഞവിലയിൽ വിൽപ്പനയും നടത്തുന്നുണ്ട്.

നഗരത്തിൽ മട്ടുപ്പാവുകൃഷി പ്രോത്സാഹിപ്പിക്കുന്നതിലും സൊസൈറ്റി വലിയ സംഭാവന നൽകിയിട്ടുണ്ട്. സൊസൈറ്റിയുടെ പ്രവർത്തനം നിലയ്ക്കുന്നത് കൊച്ചി നഗരത്തിന് നഷ്ടമായിരിക്കുമെന്നതിനാൽ കുടിശ്ശിക ഒഴിവാക്കി, പാട്ടത്തിൽ ഇളവുനൽകി സൊസൈറ്റിയെ നിലനിർത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട്.