പത്തനംതിട്ട: പൊതുസ്വീകാര്യത നേടിയ ജനകീയ ഹോട്ടലുകൾ കൂടുതൽ തുറക്കണമെന്ന് സർക്കാർ നിർദേശം. പദ്ധതിയോട് മുഖംതിരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്കെതിരേ ഇനി നടപടിയുണ്ടാകും. അലംഭാവം വീഴ്ചയായികണ്ട് പ്രിൻസിപ്പൽ സെക്രട്ടറി നടപടി സ്വീകരിക്കും. ഇരുപത് രൂപയ്ക്ക് ഉച്ചയൂണും മീൻകറിയും വിളന്പുന്ന ജനകീയ ഹോട്ടലുകൾ സാധാരണക്കാർക്ക് വിശപ്പടക്കാൻ തുണയാണ്. ആയിരത്തിയൊന്ന് ഹോട്ടലുകളാണ് സംസ്ഥാനത്ത് തുറക്കാൻ ലക്ഷ്യമിട്ടിരുന്നത്. 704 എണ്ണമാണ് തുടങ്ങാനായത്.
കുറവ് മലപ്പുറത്ത്
കൂടുതൽ ഹോട്ടലുകൾ തുറന്നത് എറണാകുളം ജില്ലയിലാണ്. 91 എണ്ണം. മലപ്പുറം ജില്ലയിൽ 94 ജനകീയ ഹോട്ടലുകളാണ് തുറക്കാൻ തീരുമാനിച്ചത്. 48 എണ്ണമാണ് പ്രവർത്തനം തുടങ്ങിയത്. ഇത്തരത്തിൽ ലക്ഷ്യമിട്ടത് പൂർത്തിയാക്കാത്ത തദ്ദേശ സ്ഥാപനങ്ങളുടെ വിശദവിവരം സർക്കാർ തേടിയിട്ടുണ്ട്. നഗരകാര്യ ഡയറക്ടറും പഞ്ചായത്ത് ഡയറക്ടറും ഇക്കാര്യത്തിൽ ഇടപെടണമെന്നും നിർദേശമുണ്ട്. നിശ്ചയിച്ച തരത്തിൽ ജനകീയ ഹോട്ടൽ തുടങ്ങാൻ കഴിയാത്ത പ്രദേശങ്ങളുണ്ടെങ്കിൽ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനത്തിലെ സെക്രട്ടറിമാർ ഇനി വിശദീകരണം നൽകണം.
ഹോട്ടലുകൾ നടത്തുന്ന സംരംഭക ഗ്രൂപ്പിന് ഒരു ഊണിന് 30 രൂപ കിട്ടും. ഉപഭോക്താവ് നൽകുന്ന 20 രൂപയും കുടുംബശ്രീ ജില്ലാമിഷനുകൾ മുഖേന നൽകുന്ന പത്ത് രൂപയുടെ സബ്സിഡിയും കൂട്ടിച്ചേർത്താണിത്. സബ്സിഡി നിരക്കിൽ സപ്ലൈകോയിൽനിന്നു സാധനങ്ങളും ഹോട്ടലിന് ലഭ്യമാക്കുന്നുണ്ട്.
ആരംഭിച്ച ജനകീയ ഹോട്ടലുകളുടെ എണ്ണം ജില്ലാതലത്തിൽ ചുവടെ. സ്ഥാപിക്കാൻ ലക്ഷ്യമിട്ടിരുന്ന ഹോട്ടലുകളുടെ എണ്ണം ബ്രാക്കറ്റിൽ.
തിരുവനന്തപുരം-66 (80), കൊല്ലം-62 (73), പത്തനംതിട്ട-39 (57), ആലപ്പുഴ-49 (76), കോട്ടയം-40 (75), ഇടുക്കി-30 (48), എറണാകുളം-91 (99), തൃശ്ശൂർ-55 (94), പാലക്കാട്-63 (93), മലപ്പുറം-48 (94), വയനാട്-19 (20), കോഴിക്കോട്-62 (76), കണ്ണൂർ-54 (81), കാസർകോട്-26 (35).