തിരുവനന്തപുരം: നിയമസഭാ മണ്ഡലങ്ങളിലേക്ക് മത്സരിച്ച സ്ഥാനാർഥികളോട് താത്പര്യം കാണിക്കാതെ വോട്ടുരേഖപ്പെടുത്തിയവർ ഒരു ലക്ഷത്തോളം. 97,695 പേരാണ് നോട്ടയ്ക്ക് വോട്ടുചെയ്തത്. മൊത്തം പോൾ ചെയ്ത വോട്ടിന്റെ 0.47 ശതമാനം. പെരിന്തൽമണ്ണയിൽമാത്രം ഭൂരിപക്ഷത്തിനും മേലെ നോട്ടയെത്തി. എന്നാൽ, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇക്കുറി നോട്ടയ്ക്ക് വോട്ടുകുറഞ്ഞു.

2016-ൽ നോട്ടയ്ക്ക് ലഭിച്ചത് 1,07,239 വോട്ടാണ്. അന്ന് പോൾ ചെയ്ത വോട്ടിന്റെ 0.53 ശതമാനമായിരുന്നു അത്. ബി.ജെ.പി.ക്ക് സ്ഥാനാർഥിയില്ലാതിരുന്ന തലശ്ശേരിയിലാണ് നോട്ടയ്ക്ക് ഏറ്റവുമധികം വോട്ടുകിട്ടിയത്. 2313 വോട്ടുകൾ. എം.കെ. മുനീർ ജയിച്ച കൊടുവള്ളിയിൽ നോട്ട നേടിയ 269 വോട്ടുകളാണ് ഏറ്റവുംകുറവ്. തലശ്ശേരിയിലൊഴികെ മറ്റൊരിടത്തും നോട്ട രണ്ടായിരത്തിന് മുകളിലേക്കെത്തിയില്ല. 16 മണ്ഡലങ്ങളിൽ നോട്ടയുടെ വോട്ട് 1000 കടന്നു.

തലശ്ശേരിക്കുപുറമേ സുൽത്താൻ ബത്തേരി, മഞ്ചേരി, മലമ്പുഴ, ചിറ്റൂർ, നെന്മാറ, വള്ളിക്കുന്ന്, ഗുരുവായൂർ, പുതുക്കാട്, ചാലക്കുടി, കളമശ്ശേരി, തൃപ്പൂണിത്തുറ, പിറവം, ആലപ്പുഴ, ആറ്റിങ്ങൽ, തിരുവനന്തപുരം മണ്ഡലങ്ങളിലാണ് നോട്ട 1000 കടന്നത്. പെരിന്തൽമണ്ണയൊഴികെ ഭൂരിപക്ഷം കുറഞ്ഞ മണ്ഡലങ്ങളിലൊന്നും നോട്ടയ്ക്ക് കാര്യമായ സാന്നിധ്യമുണ്ടായില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വടക്കാഞ്ചേരിയിൽ അനിൽ അക്കര 43 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചപ്പോൾ നോട്ട 969 വോട്ടുകൾ നേടിയിരുന്നു. പീരുമേട്ടിൽ അന്ന് ഇ.എസ്. ബിജിമോൾക്ക് ലഭിച്ച ഭൂരിപക്ഷത്തെക്കാൾ വോട്ടുകൾ നോട്ട നേടുകയുംചെയ്തിരുന്നു. മിക്ക മണ്ഡലങ്ങളിലും സ്വതന്ത്ര സ്ഥാനാർഥികൾക്ക് ലഭിച്ച വോട്ടിനെക്കാൾ കൂടുതൽ ഇത്തവണ നോട്ടയ്ക്ക് കിട്ടി.