കൊച്ചി: ആം ആദ്മിക്ക് ഇതുവരെ ദേശീയ നേതൃത്വത്തിന്റെ ‘ക്ലിയറൻസ്‌’ കിട്ടിയില്ല. ഇതിനാൽ പാർട്ടി മത്സരരംഗത്തുണ്ടാവില്ല. മത്സരിച്ചാൽ കൊള്ളാമെന്ന് സംസ്ഥാനനേതൃത്വത്തിന് ആഗ്രഹമുണ്ട്. എന്നാൽ, ‘ആദ്യം പാർട്ടി കെട്ടിപ്പടുക്ക്, എന്നിട്ടാവാം മത്സരം’ എന്ന നിലപാടിലാണ് ദേശീയനേതൃത്വം.

തമിഴ്‌നാട് മുൻ ചീഫ് സെക്രട്ടറി പി.സി. സിറിയക്ക് കൺവീനറായുള്ള സമിതിയാണ് ആം ആദ്മിയെ കേരളത്തിൽ നയിക്കുന്നത്. പാർട്ടിയെ വാർഡുതലംമുതൽ കെട്ടിപ്പടുക്കുന്നതിനുള്ള ദൗത്യമാണ് ഇപ്പോൾ നടക്കുന്നതെന്ന് സിറിയക്ക് മാതൃഭൂമിയോട് പറഞ്ഞു.

* കേരളത്തിൽ പാർട്ടിയുടെ പ്രകടനം നിരാശയായിരുന്നല്ലോ?

പാർട്ടിയുടെ വരവ് പ്രതീക്ഷയുളവാക്കുന്നതുതന്നെയായിരുന്നു. 2014-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നല്ല പ്രകടനം കാഴ്ചവെച്ചു. എന്നാൽ, 2016-ൽ നിയമസഭയിലേക്ക് മത്സരിച്ചില്ല. ആ തിരഞ്ഞെടുപ്പിൽ മത്സരിക്കാതിരുന്നത് തിരിച്ചടിയായി.

* നേതൃത്വത്തിൽ തർക്കങ്ങളായിരുന്നല്ലോ?

രണ്ടുവർഷത്തോളം പാർട്ടിയുടെ പ്രവർത്തനങ്ങൾ മരവിപ്പിക്കപ്പെട്ടു. സാറാ ജോസഫും സി.ആർ. നീലകണ്ഠനുമെല്ലാം നേതൃത്വം നൽകിയെങ്കിലും അവരെല്ലാം വിട്ടുപോയി. സമാനചിന്താഗതിക്കാരെയെല്ലാം സംഘടിപ്പിച്ച് പാർട്ടി ശക്തിപ്പെടുത്താനുള്ള പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നത്.