കോട്ടയം: തിരഞ്ഞെടുപ്പ്‌ മത്സരത്തിനുമുമ്പേ മറ്റൊരു മത്സരവുമായി രംഗത്തെത്തിയിരിക്കുകയാണ്‌ ഡി.വൈ.എഫ്‌.ഐ. ഇവിടെ വോട്ടും സ്ഥാനാർഥികളുമില്ല. ചോദ്യങ്ങളും ഉത്തരങ്ങളുമേയുള്ളു. ഇത്‌ ക്വിസ്‌ മത്സരമാണ്‌. സർക്കാരിന്റെ നേട്ടങ്ങൾ ജനങ്ങളിൽ എത്തിക്കാനാണ് ഇൗ മത്സരം വഴി ഉദ്ദേശിക്കുന്നത്. കേരളത്തിലെ തിരഞ്ഞെടുത്ത 50 മണ്ഡലങ്ങളിലാണ്‌ ക്വിസ്‌ മത്സരങ്ങൾ നടത്തുന്നത്‌. ഡി.വൈ.എഫ്‌.ഐ.യുടെ മുഖമാസികയായ ‘യുവധാര’യുടെ നേതൃത്വത്തിലാണ്‌ മത്സരങ്ങൾ. കഴിഞ്ഞ ദിവസം കോഴിക്കോട്ട് തുടക്കംകുറിച്ചു.

‘കേരളപ്പെരുമ; യുവതയുടെ അശ്വമേധം’ എന്നപേരിലാണ്‌ പരിപാടി. മണ്ഡലത്തിലെ തിരഞ്ഞെടുത്ത കേന്ദ്രത്തിലാണ്‌ ഒന്നരമണിക്കൂർവരുന്ന ക്വിസ്‌ മത്സരം. ആർക്കും പങ്കെടുക്കാം. രാഷ്ട്രീയവും പൊതുവിജ്ഞാനവുമുൾപ്പെടെ എന്തുചോദ്യങ്ങളും പ്രതീക്ഷിക്കാം. അശ്വമേധം ഫെയിം ജി.എസ്‌. പ്രദീപാണ്‌ ചോദ്യകർത്താവ്‌. ഒാരോ മണ്ഡലത്തിൽനിന്നും രണ്ടുപേരെവീതം തിരഞ്ഞെടുക്കും. 17- ന്‌ വട്ടിയൂർക്കാവ്‌ മണ്ഡലത്തിൽ നിശാഗന്ധി ഓഡിറ്റോറിയത്തിലാണ്‌ സമാപനമത്സരം. മറ്റ് മണ്ഡലങ്ങളിൽനിന്ന്‌ തിരഞ്ഞെടുക്കപ്പെട്ടവരെ ഈ മെഗാഫൈനലിൽ പങ്കെടുപ്പിക്കും. വിജയികൾക്ക്‌ പുരസ്കാരവുമുണ്ട്‌.

മത്സരത്തിനുമുമ്പ്‌ സാംസ്കാരികപരിപാടിയുമുണ്ട്‌. കൂടാതെ, കഴിഞ്ഞ അഞ്ചുവർഷം കൊണ്ട്‌ കേരളത്തിനുണ്ടായ നേട്ടങ്ങൾ, കെ. ഫോൺ, ഗെയ്‌ൽ പൈപ്പ്‌ലൈൻ, തുടങ്ങിയ പദ്ധതികളുടെ നേട്ടങ്ങൾ, സർക്കാരിനെക്കുറിച്ചുള്ള പ്രമുഖരുടെ വിലയിരുത്തലുകൾ എന്നിവയടങ്ങിയ വീഡിയോയും പ്രദർശിപ്പിക്കും.

തിരഞ്ഞെടുപ്പ്‌ ‌പ്രചാരണമെന്ന നിലയ്ക്കല്ല ‘വിജ്ഞാനോത്സവം’ എന്ന തരത്തിലാണ്‌ ഈ മത്സരം സംഘടിപ്പിക്കുന്നതെന്ന്‌ ഡി.വൈ.എഫ്.ഐ. നേതൃത്വം പറയുന്നു.