എടപ്പാൾ: പൊതുതിരഞ്ഞെടുപ്പിന്റെ കാരണം പറഞ്ഞ് സംസ്ഥാനത്തെ എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി പരീക്ഷകൾ മാറ്റാനുള്ള നീക്കത്തിനെതിരേ കേരള സ്‌കൂൾ ടീച്ചേഴ്‌സ് യൂണിയൻ രംഗത്തെത്തി.

മാർച്ച് 17-ന് പരീക്ഷകൾ നടത്താനുള്ള ഒരുക്കങ്ങൾ കോവിഡ് പ്രയാസങ്ങളെല്ലാം മാറ്റിവെച്ച് അധ്യാപകരും രക്ഷിതാക്കളും വിദ്യാർഥികളും പൂർത്തിയാക്കിക്കൊണ്ടിരിക്കെ വീണ്ടും പരീക്ഷയ്ക്കായി ഒരുക്കങ്ങൾ നടത്തേണ്ടിവരുന്നത് ബുദ്ധിമുട്ടുണ്ടാക്കുമെന്നാണ് പരാതി. ഓൺലൈൻ വഴി പഠിച്ച് മോഡൽപരീക്ഷവരെയെഴുതിയ കുട്ടികൾക്ക് ഇനിയും ഒരുമാസത്തിലേറെ പരീക്ഷ നീട്ടുന്നത് മാനസികസമ്മർദമുണ്ടാക്കും. കടുത്ത വേനൽച്ചൂടും കുടിവെള്ളപ്രശ്‌നവുമെല്ലാം ഇതിനുപുറമെയാണ്. കേരള സ്‌കൂൾ ടീച്ചേഴ്‌സ് യൂണിയൻ ഈ ആവശ്യമുന്നയിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിവേദനംനൽകി. ഏപ്രിൽ 13-ന് റംസാൻ വ്രതമാരംഭിക്കുന്നതും പരീക്ഷ നീട്ടുന്നതിന് തടസ്സമായി ഇവർ ചൂണ്ടിക്കാട്ടുന്നു.