പെരിയ: ഭാവിയിൽ ഇല്ലാതാകാൻ സാധ്യതയുള്ള തദ്ദേശീയ ഗോത്രഭാഷകൾ സംരക്ഷിക്കുന്ന പ്രവർത്തനവുമായി കേന്ദ്ര സർവകലാശാലയിലെ സെന്റർ ഫോർ എൻഡെയ്‌ഞ്ചേഡ് ലാംഗ്വേജസ്. കേരളത്തിലെ നിലനില്പുഭീഷണി നേരിടുന്ന 35 ആദിവാസിഭാഷകളിൽ 15 ഭാഷകളുടെ വ്യാകരണപുസ്തകം സെന്ററിന്റെ നേതൃത്വത്തിൽ തയ്യാറാക്കി. മറ്റുഭാഷകളുടെയും വ്യാകരണപുസ്തക നിർമാണം അവസാന ഘട്ടത്തിലാണ്. അടിയൻ, എറനാടൻ, ചോളനായിക്കൻ, എറവല്ലൻ, ഹിൽപുലയ, ഇരുള, കാടാർ, കാണിക്കാർ, കരിമ്പാലൻ, കാട്ടുനായ്ക്കൻ, കൊച്ചുവേലൻ, ഉള്ളാടൻ, കൊറഗ, കുടിയ/മേലേകുടി, കുറിച്ച്യ, കുറുമൻ, കുറുമ്പർ, മലമലസർ, മലയരയൻ, മലക്കുറവൻ, മലപ്പണിക്കർ, മലപ്പണ്ടാരം, മലസർ, മലവേടൻ, മലവേട്ടുവൻ, മലയൻ, മണ്ണാൻ, മാവിലൻ, മുഡുഗർ, മുത്തുവൻ, പളിയ്യൻ, പണിയൻ, ഊരാള വേട്ടക്കുറുമൻ, വയനാട് കാടാർ എന്നിവരുടെ ഭാഷയാണ് കേരളത്തിൽ ഇല്ലാതായിക്കൊണ്ടിരിക്കുന്നത്. നിലവിൽ അത്തരം ഭാഷകളെക്കുറിച്ച് ഗവേഷണം, വിശകലനം, ശേഖരണം, എന്നിവ നടത്തുകയാണ് സെന്റർ.

യുനെസ്കോയുടെ 2009-ലെ കണക്കുപ്രകാരം നിലനില്പുഭീഷണി നേരിടുന്ന ഇന്ത്യയിലെ ഭാഷകളുടെ എണ്ണം 196 ആണ്. ഇതിൽ 80 ശതമാനത്തിലധികം തദ്ദേശീയ ഗോത്രഭാഷകളാണ്. കുട്ടികൾക്കുള്ള ചിത്രനിഘണ്ടുവിന്റെ പ്രവർത്തനവും നടന്നുവരുന്നുണ്ട്. തുളുഭാഷയിൽ ഇത്തരത്തിൽ നിഘണ്ടു നേരത്തേതന്നെ പുറത്തിറക്കിയിരുന്നു. ആഗോളവത്‌കരണം, കാലാവസ്ഥാവ്യതിയാനം, നഗരവത്‌കരണം തുടങ്ങിയവയാണ് ഭാഷകൾക്ക് നാശം സംഭവിക്കുന്നതിന് കാരണമായി ഗവേശകർ ചൂണ്ടിക്കാണിക്കുന്നത്.