കൊച്ചി: പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസിൽ പ്രതിയായ മുൻമന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് ജാമ്യംനേടാൻ കോടതിയെ കബളിപ്പിച്ചോയെന്ന് സംശയമുണ്ടെന്ന് ഹൈക്കോടതി. ജാമ്യ വ്യവസ്ഥയിൽ ഇളവുതേടി ഇബ്രാഹിംകുഞ്ഞ് നൽകിയ അപേക്ഷ പരിഗണിക്കുമ്പോഴാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ വാക്കാൽ ഇങ്ങനെ അഭിപ്രായപ്പെട്ടത്.

രോഗം ഗുരുതരമെന്നു പറഞ്ഞു ജാമ്യംനേടിയശേഷം പല പൊതു പരിപാടികളിലും പങ്കെടുത്തു. തിരഞ്ഞെടുപ്പിൽ മത്സരിക്കുമോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് നിയമസഭയിൽ യുദ്ധം ചെയ്യാനല്ലല്ലോ പോകുന്നതെന്ന് മറുപടി നൽകിയെന്നും കോടതി ചൂണ്ടിക്കാട്ടി. ജാമ്യവ്യവസ്ഥയിൽ ഇളവു വേണമെന്ന ആവശ്യം സർക്കാരും ശക്തമായി എതിർത്തു. ഇളവ് ആവശ്യപ്പെട്ട് നൽകിയ അപേക്ഷ ഇബ്രാഹിംകുഞ്ഞ് കോടതിയുടെ അനുമതിയോടെ പിൻവലിച്ചു.

രോഗം ഗുരുതരാവസ്ഥയിലാണെന്ന വാദം കണക്കിലെടുത്തായിരുന്നു ഇതേ ബെഞ്ച് ജാമ്യം അനുവദിച്ചത്. എറണാകുളം ജില്ല വിട്ടുപോകരുത് എന്നടക്കമുള്ള വ്യവസ്ഥകളോടെയായിരുന്നു ഇത്. എന്നാൽ, സംസ്ഥാനത്തെ വിവിധ പള്ളികളിൽ പ്രാർഥനയ്ക്ക്‌ പോകാൻ യാത്രാനിയന്ത്രണത്തിൽ ഇളവ് തേടിയായിരുന്നു കോടതിയെ സമീപിച്ചത്.

കേസിൽ കുറ്റപത്രം സമർപ്പിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയാണ് ഇളവ് വേണമെന്ന ആവശ്യം സർക്കാർ എതിർത്തത്. ചമ്രവട്ടം റെഗുലേറ്റർ കം ബ്രിഡ്ജുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ ഇബ്രാഹിംകുഞ്ഞ് ആരോപണവിധേയനാണെന്നും സ്റ്റേറ്റ് അറ്റോണി വാദിച്ചു.