തിരുവനന്തപുരം: കോവിഡിൽ വരുമാനം ഇടിഞ്ഞതിനാൽ കെ.എസ്.ആർ.ടി.സി.യുടെ വായ്പാതിരിച്ചടവും മുടങ്ങി. ബാങ്ക് കൂട്ടായ്മയിൽനിന്നെടുത്ത 3200 കോടി രൂപയുടെ തിരിച്ചടവ് മുടങ്ങിയതിനെത്തുടർന്ന് ലീഡ് ബാങ്കായ എസ്.ബി.ഐ. കെ.എസ്.ആർ.ടി.സി.ക്ക് കുടിശ്ശിക നോട്ടീസ് നൽകി. ഉടൻ 60 കോടി അടച്ചില്ലെങ്കിൽ വായ്പ കിട്ടാക്കടമായി മാറ്റേണ്ടിവരുമെന്നാണു മുന്നറിയിപ്പ്.

ഇത്തരമൊരു സാഹചര്യമുണ്ടായാൽ കെ.എസ്.ആർ.ടി.സി.യുടെ ക്രിസിൽ റേറ്റിങ് കുത്തനെ താഴും. മറ്റൊരു ധനകാര്യസ്ഥാപനത്തിൽനിന്നും വായ്പ ലഭിക്കില്ല. ഫെബ്രുവരി 28-നുമുമ്പ് തുക അടച്ചില്ലെങ്കിൽ നടപടി എടുക്കേണ്ടിവരുമെന്നായിരുന്നു എസ്.ബി.ഐ.യുടെ നിലപാട്.

ഇതേത്തുടർന്ന് കെ.എസ്.ആർ.ടി.സി എം.ഡി. അടിയന്തര സഹായധനം ആവശ്യപ്പെട്ട് സർക്കാരിനെ സമീപിച്ചു. ദിവസം 1.02 കോടിരൂപയാണ് ബാങ്കിനു നൽകേണ്ടത്. മാസം 31 കോടി. ഇതേത്തുടർന്ന് ബജറ്റിൽ സ്ഥാപനത്തിനായി നീക്കിവെച്ച 1200 കോടിയിൽനിന്ന് 60 കോടി രൂപ പ്രതിസന്ധി ഒഴിവാക്കാൻ സർക്കാർ നൽകി.

ലോക്ഡൗണിനുശേഷം ഇത് രണ്ടാംതവണയാണ് വായ്പാ തിരിച്ചടവിന് സർക്കാർസഹായം തേടുന്നത്. ഡിസംബറിൽ വായ്പ തിരിച്ചടയ്ക്കാൻ 80 കോടി നൽകിയിരുന്നു. ശമ്പളം, പെൻഷൻ എന്നിവയ്ക്കായി ഫെബ്രുവരിയിൽ 120 കോടി കൊടുത്തതിനു പുറമേയാണിത്.

വിവിധ ധനകാര്യസ്ഥാപനങ്ങളിലായി ഉണ്ടായിരുന്ന വായ്പകളാണ് കെ.എസ്.ആർ.ടി.സി. ബാങ്ക് കൺസോർഷ്യത്തിലേക്കു മാറ്റിയത്. തിരിച്ചടവ് കൂടിയ ഹ്രസ്വകാലവായ്പകൾ തിരിച്ചടവ് കുറഞ്ഞ ദീർഘകാല വായ്പകളാക്കി മാറ്റി സാമ്പത്തികപുനഃക്രമീകരണത്തിലൂടെ സ്ഥാപനത്തിന്റെ പ്രതിദിനച്ചെലവ് കുറയ്ക്കാനാണു ശ്രമിച്ചത്. എന്നാൽ, കോവിഡിനെത്തുടർന്ന് ഗതാഗതമേഖലയ്ക്കേറ്റ തിരിച്ചടി പ്രതിസന്ധി രൂക്ഷമാക്കി.