ചാവക്കാട്: മീൻപിടിത്തസീസൺ അവസാനഘട്ടത്തിലെത്തിയപ്പോൾ സംസ്ഥാനത്തെ 60 ശതമാനത്തിലേറെ ബോട്ടുകൾ കരയിൽ. ഡീസൽവില കൂടുകയും മീനിന്റെ വില കുറയുകയും ചെയ്തതുകൊണ്ടുള്ള നഷ്ടമാണ് ഇതിനു പിന്നിൽ. 1,200 ബോട്ടുകളുള്ള കൊല്ലം നീണ്ടകരയിൽ 400-ൽ താഴെ മാത്രമേ ഒരാഴ്ചയായി കടലിൽ പോകുന്നുള്ളൂ. ആയിരത്തിനടുത്ത് ബോട്ടുകളുള്ള എറണാകുളം മുനമ്പത്തും പകുതിയിൽ താഴെ ബോട്ടുകളേ പോകുന്നൂള്ളൂ. ആകെയുള്ള 4,000 മീൻപിടിത്ത ബോട്ടുകളിൽ പകുതിയിലേറെയും ഈ രണ്ടിടങ്ങളിലാണ്. വടക്കൻമേഖലയിൽ ഏറ്റവും കൂടുതൽ ബോട്ടുകളുള്ള ബേപ്പൂരിൽ 70 ശതമാനത്തിലേറെ ബോട്ടുകൾ പണിക്കുപോകുന്നില്ല. അഞ്ഞൂറിനടുത്ത് ബോട്ടുകളുണ്ടിവിടെ.

കേരളതീരത്ത് കൂടുതൽ മീൻ കിട്ടുന്നത് ജൂൺ മുതൽ ഡിസംബർ വരെയാണ്. ഇതിൽ ജൂൺ, ജൂലായ്‌ മാസങ്ങൾ ട്രോളിങ് നിരോധനകാലയളവിൽപ്പെടുന്നതിനാൽ സീസൺ തുടങ്ങുന്നത് ഓഗസ്റ്റ് ഒന്നു മുതലാണ്. ഡീസൽവില ഉയർന്നിട്ടും മിക്കവാറും ബോട്ടുകൾ രണ്ടാഴ്ചമുമ്പു വരെ പണിക്കുപോയത് മീൻ കൂടുതൽ കിട്ടിയിരുന്നതിനാലാണ്.

ആഴ്ചയിൽ 1,000 ലിറ്റർ മുതൽ 3,000 ലിറ്റർ വരെ ഡീസൽ ഉപയോഗിക്കുന്ന ബോട്ടുകൾ സംസ്ഥാനത്തുണ്ട്. വില ലിറ്ററിന് 70 രൂപയിൽ താഴെയായിരുന്നപ്പോൾ നഷ്ടമില്ലായിരുന്നു. ആ സാഹചര്യമാണ് ഇപ്പോഴില്ലാതായത്. വലിയ ഇൻബോർഡ് വള്ളങ്ങളും കടലിൽ പോകുന്നില്ല.

സർക്കാർ മത്സ്യമേഖലയിൽ ഡീസലിന് സബ്‌സിഡി ഏർപ്പെടുത്താതെ മത്സ്യമേഖല മുന്നോട്ടുപോവില്ലെന്ന് ഓൾ കേരള ഫിഷിങ് ബോട്ട് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് മത്തിയാസ് പീറ്റർ പറഞ്ഞു.

പ്രതിസന്ധിയെക്കുറിച്ച് ചാവക്കാട് മുനയ്ക്കക്കടവിലെ ബോട്ട് ഉടമയായ പോക്കാക്കില്ലത്ത് റസാഖ് - ’’ദിവസം 170 ലിറ്റർ ഡീസൽ വേണം, ലിറ്ററിന് 90 രൂപ വെച്ച് കണക്കാക്കിയാൽപ്പോലും 15,300 രൂപ വരും. ശരാശരി ഒമ്പത് തൊഴിലാളികളാണ് ബോട്ടിലുണ്ടാവുക. ഒരു തൊഴിലാളിക്ക് ബാറ്റയായി 700 രൂപ കൊടുക്കണം. ഡീസലിനും തൊഴിലാളികളുടെ കൂലിക്കുമായി മാത്രം 20,000 രൂപയിലേറെ വന്നു. തൊഴിലാളികളുടെ ഭക്ഷണം, ബോട്ടിന്റെ അറ്റകുറ്റപ്പണി എന്നിവയൊക്കെ ഇതിനു പുറമെ. ഇത്രയും ചെലവിൽ മീൻപിടിത്തം നടത്തിയിട്ട് കിട്ടുന്നത് 20,000 രൂപയിൽ കുറഞ്ഞ മീനാണ്. ചില ദിവസങ്ങളിൽ ഡീസൽകാശുപോലും കിട്ടില്ല.’’