തൃശ്ശൂർ: ബി.എസ്.എൻ.എല്ലിനു വേണ്ടി ടാറ്റ കൺസൾട്ടൻസി സർവീസ്(ടി.സി.എസ്.) വികസിപ്പിച്ച 4 ജി സാങ്കേതികവിദ്യയ്ക്ക് കേന്ദ്രസർക്കാർ അംഗീകാരം നൽകി. ചണ്ഡീഗഢിൽ നടന്ന പരീക്ഷണം വിജയകരമെന്ന് കണ്ടതിനെത്തുടർന്നാണ് അംഗീകാരം നൽകിയത്. ജനുവരിക്കുശേഷം ടെൻഡർ നടപടികളിലേക്ക് കടക്കുമെന്നാണ് സൂചന. അടുത്ത കൊല്ലം സെപ്റ്റംബറോടെ രാജ്യത്തെ എല്ലാ മൊബൈൽ ടവറുകളിലും 4ജി സേവനം എത്തിക്കുമെന്നാണ് ഔദ്യോഗിക വിശദീകരണം.

അതിനിടെ സ്വകാര്യ കമ്പനികൾക്ക് 5ജി സ്പെക്ട്രം കൊടുക്കാനുള്ള നടപടികളും ടെലികോം മന്ത്രാലയത്തിൽ നടക്കുന്നുണ്ട്. ഏപ്രിലോടെ 5ജി ലേലം ഉണ്ടാവും. 4 ജി സംവിധാനം ഇല്ലാതെ 5 ജി സേവനം സാധ്യമല്ലാത്തതിനാൽ ബി.എസ്.എൻ.എലിന് അടുത്ത ഘട്ടത്തിലായിരിക്കും 5 ജി സേവനം എത്തിക്കാനാവുക.