കാഞ്ഞങ്ങാട്: ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പ് കേസ് പ്രതി എം.സി.ഖമറുദ്ദീൻ എം.എൽ.എ.ക്കെതിരെയുള്ള 40 കേസുകൾ കൂടി പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി.) ഏറ്റെടുത്തു. ഇതോടെ എസ്.ഐ.ടി. ഏറ്റെടുക്കുന്ന കേസുകളുടെ എണ്ണം 116 ആയി. ചന്തേര, കാസർകോട് ടൗൺ, പയ്യന്നൂർ പോലീസ് സ്റ്റേഷനുകളിലെടുത്ത കേസുകൾ ക്രൈംനമ്പർ മാറ്റി എസ്.ഐ.ടി. പ്രത്യേകമായി രജിസ്റ്റർചെയ്യുകയാണ്. 124 കേസുകളാണ് വിവിധ പോലീസ് സ്റ്റേഷനുകളിലുള്ളത്. ഇനി എട്ട്‌ കേസുകൾകൂടി എസ്.ഐ.ടി.ക്ക് കൈമാറാനുണ്ട്.

അതിനിടെ കോഴിക്കോട് ക്രൈംബ്രാഞ്ച് ഐ.ജി. ഓഫീസിലെ ഡിവൈ.എസ്.പി. സി.കെ.സുനിൽകുമാറിനെ കൂടി പ്രത്യേക അന്വേഷണസംഘത്തിൽ ഉൾപ്പെടുത്തി. പുതുതായെത്തിയ 40 കേസുകളിൽ 20 എണ്ണം ഇദ്ദേഹം അന്വേഷിക്കും. ബാക്കി 20 എണ്ണം കണ്ണൂർ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി.മാരായ കെ.ദാമോദരൻ, എം.സുനിൽകുമാർ, എ.വി.പ്രദീപ് എന്നിവർക്കും കാസർകോട് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. പി.കെ.സുധാകരനും ഇൻസ്പെക്ടർ മധുസൂദനൻനായർക്കും നാലു കേസുകൾ എന്ന ക്രമത്തിൽ വീതിച്ചുനൽകി.

ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയ കേസുകളിൽ 75 എണ്ണത്തിലാണ് ഖമറുദ്ദീൻ റിമാൻഡിൽ കഴിയുന്നത്. ഒന്നിലേറെ കേസുകളിൽ കണ്ണൂർ സെൻട്രൽ ജയിലിൽ പോയി എം.എൽ.എ.യെ ചോദ്യംചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് കോടതിയുടെ അനുമതി കിട്ടിയിട്ടുണ്ട്.