കൊച്ചി: ഡോളർക്കടത്ത് കേസിൽ കൂടുതൽ അറസ്റ്റുകൾ ഉടനുണ്ടാകുമെന്ന സൂചനനൽകി കസ്റ്റംസ്. ഡോളർക്കടത്തിൽ സഹായിച്ചവരെ വിളിച്ചുവരുത്തണമെന്നും സ്വപ്നയ്ക്കും സരിത്തിനുമൊപ്പം ചോദ്യംചെയ്യണമെന്നും കസ്റ്റംസ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കസ്റ്റംസിന്റെ ആവശ്യപ്രകാരം സ്വപ്നയുടെയും സരിത്തിന്റെയും കസ്റ്റഡി കാലാവധി ഏഴുദിവസത്തേക്കുനീട്ടി.

ശിവശങ്കറിൽനിന്ന്‌ പിടിച്ചെടുത്ത ഇലക്ട്രോണിക്സ് ഉപകരണങ്ങൾ വിശകലനംചെയ്തശേഷം സ്വപ്നയെയും സരിത്തിനെയും ചോദ്യംചെയ്യും. ഡോളർക്കടത്തിൽ ശിവശങ്കറിന്‌ ബന്ധമുള്ളതായി സ്വപ്ന മൊഴിനൽകിയിരുന്നു.

മൂവരെയും ഒരുമിച്ച്‌ ചോദ്യംചെയ്യാനും കസ്റ്റംസ് തീരുമാനിച്ചിട്ടുണ്ട്. ഇതിനാണ് സ്വപ്നയുടെയും സരിത്തിന്റെയും കസ്റ്റഡി നീട്ടിച്ചോദിച്ചിരിക്കുന്നത്. എട്ടാംതീയതി അഞ്ചുമണിവരെയാണ് കസ്റ്റഡി അനുവദിച്ചിരിക്കുന്നത്.